ബെംഗളൂരു നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് എതിരായ കടുത്ത നടപടി തുടരുന്നു; ഇടപെട്ട് മന്ത്രിയും
ബെംഗളൂരു: നഗരത്തിലെ തെരുവുകളിലും പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ കാര്യത്തിൽ കടുത്ത നടപടി തുടരുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലെ അഞ്ച് നഗര കോർപ്പറേഷനുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനായി പ്രത്യേക പ്രവർത്തന പദ്ധതിയും സമയക്രമവും തയ്യാറാക്കാൻ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ അവലോകന യോഗത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതും ഫുട്‌പാത്തുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതും സംബന്ധിച്ച പുരോഗതി മന്ത്രി വിലയിരുത്തി. ഫീൽഡ് തലത്തിലെ ജീവനക്കാരുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണമെന്നും, വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കാൻ ക്യാമ്പയിന്റെ പുരോഗതി പതിവായി അവലോകനം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സിവിക് ഏജൻസികളും പോലീസ് വകുപ്പും തമ്മിൽ കൂടുതൽ ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രി, ട്രാഫിക് പോലീസും നഗര കോർപ്പറേഷനുകളും സംയുക്തമായി പരിശോധനയും നടപടികളും നടത്തണമെന്ന് നിർദേശിച്ചു. കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, നൽകിയ നോട്ടീസുകൾ, നീക്കിയ വാഹനങ്ങൾ, പിഴയടച്ച് ഉടമകൾ തിരിച്ചെടുത്ത വാഹനങ്ങൾ എന്നിവയുടെ കൃത്യമായ കണക്കുകൾ സമർപ്പിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നോട്ടീസ് നൽകിയിട്ടും കെട്ടിവലിച്ച് മാറ്റിയതിന് ശേഷം 15 ദിവസത്തിനുള്ളിൽ ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിക്കണമെന്നും കോർപ്പറേഷൻ കമ്മീഷണർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്ന ദൗത്യത്തിനായി ഓരോ ട്രാഫിക് പോലീസ് സ്‌റ്റേഷനിലും രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിക്കാനും അദ്ദേഹം നിർദേശിച്ചു.
ബെംഗളൂരു ട്രാഫിക് വിഭാഗം ജോയിന്റ് പോലീസ് കമ്മീഷണർ കാർത്തിക് റെഡ്ഡി നൽകുന്ന വിവരമനുസരിച്ച്, നഗരത്തിൽ ആകെ 6576 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 2,533 എണ്ണം പോലീസ് വകുപ്പും 4043 എണ്ണം പൊതുജനങ്ങളും റിപ്പോർട്ട് ചെയ്‌തതാണ്. ഇവയിൽ 1605 വാഹനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും 263 വാഹനങ്ങൾ കെട്ടിവലിച്ച് നീക്കം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നോട്ടീസ് ലഭിച്ചതോ കെട്ടിവലിച്ചതോ ആയ ചില വാഹനങ്ങളുടെ ഉടമകൾ 2.16 ലക്ഷം പിഴയടച്ച് വാഹനങ്ങൾ തിരിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും കൂടുതൽ ശക്തമാക്കുമെന്നും കാർത്തിക് റെഡ്ഡി കൂട്ടിച്ചേർത്തു. ക്യാമ്പയിൻ പൂർത്തിയാവുന്നതോടെ ബെംഗളൂരുവിലെ പാതയോരങ്ങൾ കൂടുതൽ മികച്ചതാവും എന്നാണ് വിലയിരുത്തൽ.




Click it and Unblock the Notifications