തോന്നുംപടി വാട്ട്സ്ആപ്പിൽ കേറാൻ ഇനി കഴിയില്ല; ആക്റ്റീവ് സിം കാർഡ് നിർബന്ധം, 6 മണിക്കൂർ ലോഗൗട്ട് ടൈമും!
ന്യൂഡൽഹി: രാജ്യത്തെ സൈബർ സുരക്ഷയിൽ നിർണായക മാറ്റത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അതിന്റെ ഭാഗമായി ഇനി മുതൽ ആക്റ്റീവ് ആയ സിം കാർഡില്ലാതെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തടയാനാണ് നീക്കം. കേന്ദ്ര സർക്കാർ സൈബർ സുരക്ഷാ ചട്ടക്കൂട് കർശനമാക്കുന്നതിന്റെ ഭാഗമായി, വാട്ട്‌സ്ആപ്പും മറ്റ് സുപ്രധാന സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പുകളും പുതിയ നിയമങ്ങളുടെ പരിധിയിൽ വരും.
2025-ലെ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങൾ പ്രകാരം, ഓരോ വാട്ട്‌സ്ആപ്പ് അക്കൗണ്ടും സജീവമായ സിം കാർഡുമായി എപ്പോഴും ബന്ധിപ്പിച്ചിരിക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, സ്‌പാം എന്നിവ തടയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നിയമം നിലവിൽ വന്നാൽ, വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് ഇത് പാലിക്കാൻ 90 ദിവസത്തെ സമയം ആയിരിക്കും അനുവദിക്കുക. ഓരോ ആറ് മണിക്കൂറിലും വെബ് പതിപ്പുകളിൽ നിന്ന് ഉപയോക്താക്കൾ സ്വയമേവ ലോഗ്ഔട്ട് ആവുന്ന ഒരു പുതിയ ചട്ടവും വരാനിരിക്കുന്ന സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധി കഴിഞ്ഞാൽ ക്യൂആർ കോഡ് വഴി വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും.
സൈബർ കുറ്റവാളികൾക്ക് മറഞ്ഞുനിന്നുകൊണ്ട് നിർബാധം പ്രവർത്തിക്കാനും ആളുകളെ കബളിപ്പിക്കാൻ നിഷ്‌ക്രിയ സിം കാർഡുകൾ ഉപയോഗിക്കാനുമുള്ള സാധ്യത ഇത് കുറയ്ക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഇന്ത്യൻ ടെലികോം നിയമത്തിന് കീഴിൽ പുതുതായി രൂപീകരിച്ച 'ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റി' എന്ന വിഭാഗത്തിലാണ് വാട്ട്‌സ്ആപ്പിനെ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരമ്പരാഗത മൊബൈൽ ഓപ്പറേറ്റർമാർക്ക് അപ്പുറത്തേക്ക് നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാൻ ഇത് സഹായിക്കും. പുതിയ നിർദ്ദേശമനുസരിച്ച്, ടെലികോം കമ്പനികളുടേതിന് സമാനമായ സൈബർ സുരക്ഷാ, വെരിഫിക്കേഷൻ നിയമങ്ങൾ വാട്ട്‌സ്ആപ്പും പാലിക്കേണ്ടി വരും. രജിസ്‌റ്റർ ചെയ്‌ത സിം കാർഡ് സജീവമാണെന്നും ഡിവൈസിൽ ഉണ്ടെന്നും ആപ്പ് തുടർച്ചയായി പരിശോധിക്കണം.
സിം കാർഡ് നീക്കം ചെയ്യുകയോ, മാറ്റുകയോ, പ്രവർത്തനരഹിതമാക്കുകയോ ചെയ്‌താൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നത് നിർത്തും. ഇതുവഴി വലിയ രീതിയിൽ തട്ടിപ്പുകൾ തടയാമെന്നാണ് കരുതുന്നത്. പ്രസ്‌തുത ഫോണിൽ അല്ലാതെ ഉള്ള സിമ്മുകളുടെ പേരിൽ വാട്ട്സ്ആപ്പ് വിദൂര ദേശങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നത് ഇനി അസാധ്യമാകും.
നിലവിൽ മിക്ക സേവനങ്ങളും ആപ്പ് ഇൻസ്‌റ്റാളേഷൻ സമയത്ത് ഒരു തവണ മാത്രമാണ് ഉപയോക്താവിന്റെ മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നത്. അത് ഒടിപി വഴിയാണ് ചെയ്യുന്നത്. എന്നാൽ ഇതിന് ശേഷം സിം കാർഡ് ആക്റ്റീവ് ആണോ എന്ന കാര്യമോ അതേ ഡിവൈസിൽ ഉണ്ടെന്ന കാര്യമോ കമ്പനികൾ ഉറപ്പ് വരുത്തുന്നില്ല. സിം നീക്കം ചെയ്‌താലും ഡീആക്റ്റിവേറ്റ് ചെയ്‌താലും ആപ്പ് തുടർന്നും പ്രവർത്തിക്കുമെന്നതാണ് ന്യൂനത.
രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾ പോലുള്ള മേഖലകളിൽ ഇതിനകം സമാനമായ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ട് ബാങ്കിംഗ്, യുപിഐ ആപ്പുകൾ അനധികൃത പ്രവേശനം തടയാൻ കർശനമായ സിം പരിശോധന നടപ്പിലാക്കുന്നുണ്ട്. ഓരോ തവണയും ഇത്തരത്തിൽ ഒടിപി ഉപയോഗിച്ചാണ് ഇവയിലേക്ക് പ്രവേശനം സാധ്യമാക്കുന്നത്. അതുപോലെ തന്നെയാവും ഇനി വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നിവയൊക്കെ പ്രവർത്തിക്കുക.












Click it and Unblock the Notifications