കുംഭമേളയിൽ പുണ്യസ്‌നാനം ചെയ്‌ത് നടൻ അക്ഷയ് കുമാർ; ക്രമീകരണങ്ങളിൽ യോഗിക്ക് പ്രശംസ
ന്യൂഡൽഹി: പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയാണ് മടങ്ങിയത്. നിലവിലെ സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും യോഗി ആദിത്യനാഥിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്‌തു. കുംഭമേളയുടെ ഭാഗമാവാൻ എത്തിയ ബോളിവുഡ് താരങ്ങളിൽ പ്രമുഖനാണ് 57കാരനായ അക്ഷയ് കുമാർ.
താൻ 2019ലെ മഹാ കുംഭമേളയും സന്ദർശിച്ചിരുന്നുവെന്നും ഇപ്പോൾ ക്രമീകരണങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. "ഇത് വളരെ രസകരമായിരുന്നു, ക്രമീകരണങ്ങൾ മികച്ചതാണ്, വളരെ നന്നായി തന്നെ ചെയ്‌തു... ഇത്രയും നല്ല ക്രമീകരണങ്ങൾ ഒരുക്കിയതിന് ഞങ്ങൾ മുഖ്യമന്ത്രി യോഗി സാഹബിനോട് വളരെ നന്ദിയുള്ളവരാണ്" അക്ഷയ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഇത്തവണ കുംഭ മേളയ്ക്ക് വലിയ വലിയ ആളുകൾ വരെ ഒഴുകി എത്തുകയാണെന്നും അക്ഷയ് കുമാർ പറയുന്നു. "2019-ൽ കഴിഞ്ഞ കുംഭം നടന്നപ്പോൾ ആളുകൾ കെട്ടുകളുമായി വരുമായിരുന്നു, എന്നാൽ ഇത്തവണ എല്ലാ വലിയ ആളുകളും ഇവിടേക്ക് വരുന്നു, അംബാനിമാരും അദാനികളും വലിയ നടന്മാരും എല്ലാവരും വരുന്നു." അക്ഷയ് കുമാർ പറയുന്നു.
"അതിനാൽ മഹാ കുംഭത്തിനുള്ള ക്രമീകരണങ്ങൾ വളരെ മികച്ചതാണ്, എല്ലാവരേയും വളരെയധികം ശ്രദ്ധിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എല്ലാ പ്രവർത്തകർക്കും ഞാൻ കൂപ്പുകൈകളോടെ നന്ദി പറയുന്നു." അക്ഷയ് കുമാർ വ്യക്തമാക്കി. മഹാ കുംഭമേള അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അക്ഷയ് കുമാർ ഇവിടേക്ക് എത്തിയത്.
ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26ന് സമാപിക്കും. ഇത്തവണ കുംഭമേള താര സമ്പന്നമായിരുന്നു. സിനിമാ താരങ്ങൾ മാത്രമല്ല ഗൗതം അദാനി ഉൾപ്പെടെയുള്ള ബിസിനസ് വമ്പന്മാരും വിദേശികളും ഇവിടെക് എത്തിയിരുന്നു. ബോളിവുഡ് അഭിനേതാക്കളുടെ വൻ നിര തന്നെ കുംഭമേളയിൽ പങ്കെടുക്കാനും മഹാ സ്‌നാനം നടത്താനും വന്നിരുന്നു.
വിക്കി കൗശൽ, സൊനാലി ബിന്ദ്രെ, വിജയ് ദേവരകൊണ്ട തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ജയസൂര്യ അടക്കമുള്ള മോളിവുഡ് താരങ്ങളും കുംഭമേള കാണാനും പുണ്യ സ്‌നാനം നടത്താനും എത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയുടെ ഭാഗമാവാൻ ഇവിടേക്ക് എത്തിയത്.












Click it and Unblock the Notifications