തൊപ്പി ധരിച്ച്, തൂവെള്ള വസ്ത്രമണിഞ്ഞ് ഇഫ്‌താർ വിരുന്നൊരുക്കി വിജയ്; വ്രതമെടുത്തു, പ്രാർത്ഥനയിലും പങ്കെടുത്തു
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് റംസാൻ മാസത്തിന്റെ ഭാഗമായി ഇഫ്‌താർ വിരുന്നൊരുക്കി. റംസാൻ മാസത്തിൽ നോമ്പ് തുറക്കുന്നതിന് മുമ്പുള്ള പ്രാർത്ഥനകളിൽ പങ്കെടുത്ത നടൻ തലയിൽ തൊപ്പിയും തൂവെള്ള വസ്ത്രവും അണിഞ്ഞാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന് മുന്നോടിയായി ഒരു ദിവസത്തെ വ്രതവും താരം അനുഷ്‌ഠിച്ചുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.
ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഗംഭീരമായ ഇഫ്‌താർ വിരുന്ന് നടന്നത്. ചടങ്ങിലേക്ക് വരുന്ന താരത്തിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ വലിയ രീതിയിൽ വൈറലായിരുന്നു. പ്രദേശത്തെ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാരടക്കം 3000ത്തിലധികം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് സൂചന.

പ്രാർത്ഥനയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം പുരുഷന്മാർക്കിടയിൽ വിജയ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓൺലൈനിൽ വ്യാപകമായി പങ്കിട്ട മറ്റൊരു വീഡിയോയിൽ, പരിപാടിയിൽ പങ്കെടുത്തവരോട് വിജയ് നന്ദി പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. പ്രാർത്ഥനാ സമയത്ത് തികഞ്ഞ ജാഗ്രതയോടെ വിജയ് കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, വിജയുടെ പ്രാർത്ഥനയുടെയും സമൂഹബന്ധത്തിന്റെയും നിമിഷങ്ങൾ പകർത്തിയ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിന് പിന്നലെ വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങൾ സ്വീകരിക്കാനും അവയെ പ്രോത്സാഹിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആരാധകർ അകമഴിഞ്ഞ് പ്രശംസിക്കുകയാണ്.
നേരത്തെ തന്നെ വിജയ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് താരം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് എന്നത് കൊണ്ട് തന്നെ ഈ ചടങ്ങ് പലരും പ്രതീക്ഷിച്ചതുമാണ്. എന്നാൽ ഇത്രയും ഗംഭീരമായ ഇഫ്‌താർ പാർട്ടി ഒരുക്കുമെന്ന കാര്യത്തിൽ ആർക്കും ധാരണ ഉണ്ടായിരുന്നില്ല.
അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ശക്തിയാവുകയാണ് വിജയ് നേതൃത്വം നൽകുന്ന ടിവികെ ലക്ഷ്യമിടുന്നത്. നിലവിലെ ഭരണകക്ഷിയായ ഡിഎംകെയെയും മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും നിരന്തരം വിമർശിക്കുന്ന വിജയ് കൂടുതൽ വിഭാഗങ്ങളെ തന്നിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് വിലയിരുത്തൽ.
സിനിമയിലെ നിലവിലുള്ള കടപ്പാടുകളും ബാധ്യതകളും പൂർത്തിയാക്കിയാൽ പൂർണമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനാണ് വിജയുടെ തീരുമാനം. വലിയ നീക്കങ്ങളാണ് വിജയുടെ പാർട്ടി തമിഴ്‌നാട്ടിൽ നടത്തുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ അടക്കമുള്ളവരെ രംഗത്തിറക്കാനാണ് ടിവികെയുടെ തീരുമാനം.












Click it and Unblock the Notifications