ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവച്ച് നടി ഖുശ്‌ബു; രാജി ഒന്നര വർഷം ബാക്കിയിരിക്കെ, ബിജെപി വിടുമോ?
ചെന്നൈ: ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവച്ച് പ്രമുഖ നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ. 2023 ഫെബ്രുവരിയിലാണ് നടിയെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്‌തത്. പദവി ഏറ്റെടുത്ത് ഒന്നര വർഷം പിന്നിടുമ്പോഴാണ് ഖുശ്‌ബുവിന്റെ രാജി പ്രഖ്യാപനം വന്നിരിക്കുന്നത്. ഇനിയും ഒന്നര വർഷത്തോളം തന്നെ കാലാവധി അവശേഷിക്കവേയാണ് അവർ അപ്രതീക്ഷിതമായി രാജിവച്ചുവെന്ന് അറിയിച്ചത്.
ജൂൺ 28നാണ് ഖുശ്‌ബു രാജിക്കത്ത് കൈമാറിയതെന്നാണ് സൂചന. എന്നാൽ ഇപ്പോഴാണ് രാജി സ്വീകരിച്ചത്. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഖുശ്‌ബുവിന്റെ രാജി സ്വീകരിച്ചത്. രാഷ്ട്രീയ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഖുശ്‌ബു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി വൃത്തങ്ങളും ഇക്കാര്യം ശരിവച്ചു രംഗത്ത് വന്നിട്ടുണ്ട്.

താൻ വനിതാ കമ്മീഷൻ അംഗത്വം ഏറ്റെടുത്ത ശേഷം സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങാൻ കഴിയുന്നില്ലെന്നും പാർട്ടിക്ക് വേണ്ടി സംവാദങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാൻ കഴിയില്ലെന്ന് ഖുശ്‌ബു സുന്ദർ പറയുന്നു. പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുക ലക്ഷ്യമിട്ടാണ് രാജിയെന്നും അവർ വ്യക്തമാക്കി.
തന്റെ തീരുമാനം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനെയും അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഖുശ്ബുവിന് സീറ്റ് കിട്ടാതിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. അതിനാൽ അവർ പാർട്ടിയുമായി അകൽച്ചയിൽ ആണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
തമിഴ്‌നാട്ടിലെ മുതിർന്ന നേതാക്കളിൽ പലർക്കും ബിജെപി സീറ്റ് നൽകിയപ്പോഴും ഖുശ്ബുവിനെ തഴഞ്ഞത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തമിഴ്‌നാട്ടിലെ പ്രചാരണത്തിൽ പങ്കെടുക്കാതിരുന്ന ഖുശ്ബു മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണ പരിപാടികളിൽ സജീവമാവുകയും ചെയ്‌തിരുന്നു.
പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അനാരോഗ്യം ചൂണ്ടിക്കാട്ടി അവർ വിട്ടു നിന്നതും പലരും ചർച്ചയാക്കി. എന്നാൽ വനിതാ കമ്മീഷൻ അംഗത്വം രാജി വച്ചെങ്കിലും പാർട്ടിയിൽ ഉറച്ചു നിൽക്കുമെന്ന് തന്നെയാണ് താരം പറയുന്നത്. ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ പാടെ തള്ളുന്നതാണ് ഖുശ്ബുവിന്റെ പ്രതികരണം.
ഇന്ന് രാവിലെ 9ന് ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ ഖുശ്ബു പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. 2010 മുതൽ ഡിഎംകെയിലായിരുന്നു അവർ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇതിന് ശേഷം ഡിഎംകെ വിട്ട് 2014ൽ ഖുശ്‌ബു കോൺഗ്രസിൽ ചേർന്നു. പിന്നീട് കോൺഗ്രസ് ഉപേക്ഷിച്ച് 2020ൽ ബിജെപിയിൽ ചേർന്നു.
തുടർന്ന് 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ചെന്നൈ ആയിരം വിളക്ക് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നിട്ടും ഖുശ്ബുവിന് ബിജെപി ദേശീയ നിർവാഹക സമിതി അംഗമെന്ന പദവി നൽകി പാർട്ടി മുകളിലേക്ക് ഉയർത്തി. പിന്നീടാണ് കഴിഞ്ഞ വർഷം ദേശീയ വനിതാ കമ്മീഷൻ അംഗത്വം നൽകിയത്.












Click it and Unblock the Notifications