പഞ്ചാബിൽ അമരീന്ദർ, ഗോവയിൽ മമത... പരാജയത്തിനുള്ള കാരണങ്ങളുമായി കോൺഗ്രസ്
ന്യൂഡൽഹി: ഗോവയിൽ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം മമതാ ബാനർജിയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. മമതാ ബാനർജി ഗോവയിൽ മത്സരിക്കാൻ എത്തിയത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതുവരെ കോൺഗ്രസിന് ഇന്ത്യയിൽ 700 എംഎൽഎമാരാണ് ഉണ്ടായിരുന്നതെന്നും പ്രതിപക്ഷത്തിന്‍റെ 20 ശതമാനം വോട്ട് ഷെയർ കോൺഗ്രസ് നേടിയിട്ടുണ്ടെന്നും ചൗധരി അവകാശവാദം ഉന്നയിച്ചു.
ബിജെപിയുടെ ദല്ലാൾ ആയാണ് മമത ബാനർജി പ്രവർത്തിക്കുന്നതെന്നും അതിനാലാണ് ഇപ്പോൾ മമത ബാനർജി നിരവധി പ്രസ്‌താവനകൾ നടത്തുന്നതെന്നും ചൗധരി ആരോപിച്ചു. ബംഗാളിൽ വിദ്യാർഥിയായ അനിസ് ഖാന്റെ കൊലപാതകത്തിൽ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മമത ബാനർജിക്ക് ഒരു പങ്കുമില്ല. ചില സമയത്ത് ഇവിഎം മെഷീനുകളെ കുറ്റം പറയുന്ന മമത ചിലപ്പോൾ കോൺഗ്രിനെയും കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി പ്രധാനമന്ത്രിയുള്ളപ്പോൾ എന്തിനാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതെന്നും ചൗധരി ചോദിച്ചു.
കന്നിയങ്കത്തിന് ഇറങ്ങിയ തൃണമൂൽ കോൺഗ്രസിന് ഗോവയിൽ ഒരു സീറ്റുപോലും നേടാനായിട്ടില്ല. ബിജെപിയുമായുളള റേറ്റിങ് കൂട്ടാനായി മാത്രമാണ് ഗോവയിൽ തൃണമൂൽ കോൺഗ്രസ് മത്സരത്തിനെത്തിയതെന്നും ഗോവയിൽ കോൺഗ്രസിനെ തകർത്തത് മമതാ ബാനർജിയാണെന്നും ചൗധരി ആരോപിച്ചു.
അതേ സമയം കോൺഗ്രസിന് മറുപടിയുമായി ടിഎംസി വക്താവും രംഗത്തെത്തി. 2014 മുതൽ തിരിച്ചുവരവിന് ഒരുങ്ങിയിട്ടും അതിന് സാധിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. പഞ്ചാബിലും അതിന് തൊട്ടുമുമ്പ് നടന്ന ബിഹാർ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയപ്പെട്ടത് എന്ത് കാരണത്താൽ ആണെന്നും കുണാൽ ഖോഷ് ചോദിച്ചു. എങ്ങനെയാണ് ബിജെപിയെ തൃണമൂൽ കോൺഗ്രസിന് സഹായിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ തവണ ഗോവയിൽ സ്വന്തം സ്ഥാനാർഥികളെ പോലും സംരക്ഷിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. തൃണമൂലിന് ആറ് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 2024 വളരെ ദൂരെയാണെന്നും ബിജെപി വിരുദ്ധ ജനാധിപത്യ പാർട്ടികളെ ഉൾപ്പെടുത്തി, 2024ൽ പടയൊരുക്കത്തിനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ല മറിച്ച് മെഷീൻ വിധിയാണെന്ന് കഴിഞ്ഞ ദിവസം മമതാ ബാനർജി ആരോപിച്ചിരുന്നു. ജനങ്ങളുടെ വോട്ട് ബിജെപി കൊള്ള ചെയ്‌തെന്നും സമാജ്‌വാദി പാർട്ടി നേതാവായ അഖിലേഷിനെ ബലമായി തോൽപിക്കുകയായിരുന്നുവെന്നാണ് മമതാ ബാനർജിയുടെ പ്രതികരണം.












Click it and Unblock the Notifications