ട്രക്കുകളിൽ ഇവിഎം മെഷീനുകൾ; എഡിഎമ്മിനെതിരെ നടപടി
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇവിഎം മെഷീനുകൾ ട്രക്കുകളിൽ കൊണ്ടുപോയ സംഭവത്തിൽ നടപടിയെടുത്തു. ഉത്തർപ്രദേശിലെ മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇവിഎം മെഷീനുകളിൽ ഇടപെടൽ നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. വാരാണസി അഡീഷണൽ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്‌തു. ഇവിഎം മെഷീനുകൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട ക്രമങ്ങൾ അവഗണിച്ചെന്ന് കാണിച്ചാണ് മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്‌തത്. മറ്റു രണ്ട് ഉദ്യോഗസ്ഥരെയും ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. വാരാണസി ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
വോട്ടെണ്ണൽ നടക്കുന്ന സ്ഥലത്തേക്ക് പോകുന്നതിന് അഡീഷണൽ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റിനെ വിലക്കിയിട്ടുണ്ടെന്നും അഡീഷണൽ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റ് (ഫിനാൻസ് റവന്യു) സജ്ജയ് കുമാറിനെ നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തിയെന്നും ഡിസ്‌ട്രിക്‌റ്റ് മജിസ്ട്രേറ്റ് പറഞ്ഞു.
സോൻഭദ്ര ജില്ലയിലെ റിട്ടേണിങ് ഓഫീസർ, ബരേലിയിലെ അഡീഷണൽ ഇലക്ഷൻ ഓഫീസർ എന്നിവരെയാണ് ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശത്തെ തുടർന്നാണ് ഇവർക്കെതിരെയുള്ള നടപടിയെന്നും കൗശൽ രാജ് ശർമ കൂട്ടിച്ചേർത്തു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ യുപി ചീഫ് ഇലക്ഷൻ ഓഫീസറോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹി ചീഫ് ഇലക്‌ട്രൽ ഓഫീസറെ മീററ്റിൽ സ്‌പെഷ്യൽ ഓഫീസറായും ബിഹാർ സിഇഒയെ വാരാണസയിൽ സൂപ്പർവൈസറായും ഇലക്ഷൻ കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്.
ഇവിഎം മെഷീനുകളിൽ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇവിഎം മെഷീനുകൾ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ഈ നടപടിയിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു അഖിലേഷ് യാദവിന്‍റെ ആരോപണം.
സ്ഥാനാർഥികളെ പോലും അറിയിക്കാതെ ഡി.എം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ കൊണ്ടുപോകുകയാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും അഖിലേഷ് യാദവ് അഭ്യർഥിച്ചിരുന്നു. ഇവിഎം ഈ രീതിയിൽ മാറ്റുന്നത് മോഷണമാണ്, നമുക്ക് വോട്ടുകൾ സംരക്ഷിക്കേണ്ടതുണ്ട്, നാം ചിലപ്പോൾ കോടതിയിൽ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കും എന്നാൽ അതിന് മുന്നോടിയായി ജനാധിപത്യത്തെ സംരക്ഷിക്കൂ എന്നു മാത്രമേ എനിക്ക് ജനങ്ങളോട് അഭ്യർഥിക്കാനുള്ളു എന്നായിരുന്നു അഖിലേഷ് യാദവിന്‍റെ അഭ്യർഥന.
അഖിലേഷ് യാദവിന്‍റെ ആരോപണങ്ങളെ ശരിവക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ട്രക്കുകളിലായി ഇവിഎം മെഷീനുകൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വൈറലായത്. അതേ സമയം ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനായി കൊണ്ടുപോകുന്ന ഇവിഎം ആയിരുന്നു ഇതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം.
അഖിലേഷ് യാദവിന്‍റെ ആരോപണങ്ങൾക്ക് മറുപടി മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെ രംഗത്തെത്തി. എക്‌സിറ്റ് പോളുകളിൽ ബിജെപിക്ക് മുൻകൈ പ്രവചിച്ചതിനെ തുടർന്നുള്ള നിസ്സഹായവസ്ഥയിൽ നിന്നാണ് ഇവിഎമ്മിനെതിരെ ആരോപണം ഉയർത്തുന്നതെന്നും ഇതെല്ലാം രാഷ്‌ട്രീയ കോപ്രായങ്ങളാണ് എന്നായിരുന്നു ബിജെപി നേതാക്കളുടെ മറുപടി. ഇവിഎമ്മിനെ ചോദ്യം ചെയ്യുന്നതിലൂടെ അഖിലേഷ് യാദവ് പരാജയം ഉറപ്പിച്ചുവെന്നും മൊഹ്‌സീൻ റാസ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിൽ നിർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications