യുപി പിടിച്ചാല്‍ 10 ദിവസത്തിനുള്ളില്‍ കാർഷിക കടങ്ങള്‍ എഴുതിത്തള്ളും: പ്രകടന പത്രികയുമായി കോണ്‍ഗ്രസ്
ലഖ്‌നൗ: യുപി നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ഉത്തർപ്രദേശിന്റെ സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തെ മുഴുവന്‍ കർഷകരുടേയും കാർഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം. യുപിയിൽ സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയ കോൺഗ്രസ്, തൊഴിലും പണപ്പെരുപ്പവുമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളായി തിരിച്ചറിഞ്ഞതെന്നും അധികാരത്തിലെത്തിയാൽ 20 ലക്ഷം സർക്കാർ ജോലികൾ ലഭ്യമാക്കുമെന്നും പത്രിക പുറത്തിറക്കിക്കൊണ്ട് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
യു പിയിലെ ബാഗ്പത്തിൽ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൂ വ്യാപാരിയെ കുറിച്ചും പ്രിയങ്ക ഗാന്ധി പരാമർശിച്ചു. നാളെ വോട്ടെടുപ്പ് നടക്കുന്ന നഗരമാണ് ബാഗ്പത്ത് മേഘല. സർക്കാറുകള്‍ക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു വ്യാപാരി ആത്മഹത്യ ചെയ്തത്. ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും ഉന്നമനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു.

"ഇത് വളരെ സങ്കടകരമാണ്, പക്ഷേ യുപിയിൽ ഉടനീളം സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നു. സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾ വളരെ ബുദ്ധിമുട്ടിലാണ്. സർക്കാരിൽ നിന്നും അവർക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ല,"-വൻകിടക്കാർക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയതിന് കേന്ദ്രത്തെയും കേന്ദ്ര ബജറ്റിനെയും വിമർശിച്ച് ഗാന്ധി വദ്ര പറഞ്ഞു. ബി ജെ പി സർക്കാറിന്റെ വാഗ്ദാനങ്ങളെല്ലാം വന്‍കിടക്കാർക്ക് വേണ്ടിയാണ്. ചെറികിടക്കാരെ അവർ തഴയുന്നുവെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി വിമർശിച്ചു.
"ഞങ്ങൾ മൂന്ന് പ്രകടന പത്രികകൾ പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടിയുള്ള പത്രികകള്‍ നേരത്തെ പുറത്തിറക്കി. ഇന്ന് പുറത്തിറക്കുന്നത് പൊതുവായുള്ള പത്രികയാണ്. എല്ലാം പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങൾ ഒരു ലക്ഷം ആളുകളുമായി സംസാരിച്ചു. സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ, എല്ലാ വിഭാഗങ്ങളിലെയും ആളുകളുടെ താല്‍പര്യം ഞങ്ങള്‍ വിശദമായി കേട്ടു. ഇതൊരു പൊതു പ്രകടനപത്രികയാണ്''- പ്രിയങ്ക കൂട്ടിച്ചേർത്തു.
തൊഴിലും പണപ്പെരുപ്പവുമാണ് ഏറ്റവും വലിയ പ്രശ്‌നങ്ങൾ. ഛത്തീസ്ഗഢിനെപ്പോലെ കർഷകരുടെ കടവും ഞങ്ങളുടെ സർക്കാർ രൂപീകരിച്ചാലുടൻ എഴുതിത്തള്ളും, നെല്ലും ഗോതമ്പും ക്വിന്റലിന് 2500 രൂപയ്ക്കും കരിമ്പ് 400 രൂപയ്ക്കും വാങ്ങുമെന്നും പത്രികയിലുണ്ട്. യോഗി ആദിത്യനാഥ് സർക്കാർ ദീർഘകാലമായി പണം നൽകാത്ത സാഹചര്യത്തില്‍ യുപി കർഷകർ നിരന്തരം ഉന്നയിച്ച ആശങ്കകൾ കണക്കിലെടുത്ത് നെല്ലും കരിമ്പും വാങ്ങുന്നത് സംബന്ധിച്ച പരാമർശം ഏറെ നിർണ്ണായകമാണ്.
കർഷകർക്കുള്ള വൈദ്യുതി ബില്ലുകൾ പകുതിയായി കുറയ്ക്കും, കൊവിഡ് ബാധിത കാലയളവിലെ ബില്ലുകൾ എഴുതിത്തള്ളും, കൃഷി നശിച്ച കർഷകർക്ക് 3,000 രൂപ നഷ്ടപരിഹാരമായി ലഭിക്കും. "പൊലീസ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ പൊതുമേഖലയിൽ 12 ലക്ഷം തൊഴിലവസരങ്ങൾ കണ്ടെത്തും. ഇത് കൂടാതെ എട്ട് ലക്ഷം തൊഴിലവസരങ്ങൾ കൂടി നൽകും. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 25,000 രൂപയുടെ സാമ്പത്തിക സഹായവും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉറപ്പുകളും കർഷകർക്ക് സൗജന്യ വൈദ്യുതിയും ഉൾപ്പെടെ നിരവധി സമാന വാഗ്ദാനങ്ങളുമായി ഭരണകക്ഷിയായ ബി ജെ പിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും ഇന്നലെ തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഇത്തവണ ആരുമായും സഖ്യമില്ലാതെ തനിച്ചാണ് യുപി ഇലക്ഷനില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്.
കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്












Click it and Unblock the Notifications