ചെന്നൈയിൽ നാല് കോടി രൂപയുമായി ബിജെപി പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ; കൂടുതൽ പരിശോധന
ചെന്നൈ: തമിഴ്‌നാട്ടിലെ താംബരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ബിജെപി പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേരുടെ കൈയിൽ നിന്നായി നാല് കോടി രൂപ പിടിച്ചെടുത്തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പണം കൂടുതൽ പരിശോധനകൾക്കായി ആദായനികുതി വകുപ്പിന് കൈമാറിയതായാണ് ചെങ്കൽപട്ട് ഡിഇഒ അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർശന പരിശോധന നിലനിൽക്കെയാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്.
ബിജെപി പ്രവർത്തകനും സ്വകാര്യ ഹോട്ടൽ മാനേജരുമായ സതീഷ്, സഹോദരൻ നവീൻ, ഡ്രൈവർ പെരുമാൾ എന്നിവർ ചേർന്ന് ആറ് ബാഗുകളിലായി നാല് കോടി രൂപ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. തിരുനെൽവേലി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് പണം കൊണ്ട് വന്നതെന്ന് സതീഷ് സമ്മതിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ചെന്നൈ താംബരം റെയിൽവേ സ്‌റ്റേഷനിൽ വച്ച് 4 കോടി രൂപ ശനിയാഴ്‌ചയാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടിയതെന്ന് ചെങ്കൽപേട്ട ഡിഇഒ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് പിടിച്ചെടുത്ത തുക 10 ലക്ഷത്തിന് മുകളിലുള്ളതിനാൽ ആദായനികുതി വകുപ്പ് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിടിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇനി അവർ ഇതിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കനിരിക്കുന്ന വേളയിലാണ് ഈ സംഭവ വികാസം. തമിഴ്‌നാട്ടിൽ ആകെ 39 സീറ്റുകളാണ് ഉള്ളത്.
അതേസമയം, ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകളിലേക്കും മേഖലകളിലേക്കും സ്വാധീനം വ്യാപിക്കാൻ ബിജെപി ഒരുങ്ങുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. കർണാടകയിൽ പരമാവധി സീറ്റ് ഉറപ്പാക്കുവാനും, തമിഴ്‌നാട്ടിൽ സ്വാധീനം ഉറപ്പിക്കാനും അവർ ശ്രമിക്കുന്ന വേളയിലാണ് തിരുനൽവേലി ബിജെപി സ്ഥാനാർത്ഥി പണമൊഴുക്കിയെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും വാർത്തകൾ ബിജെപിക്ക് തിരിച്ചടിയാണ്.












Click it and Unblock the Notifications