പ്രധാനമന്ത്രിയെ ചായ വിൽപ്പനക്കാരനായി ചിത്രീകരിച്ച വീഡിയോയിൽ വിവാദം; കോൺഗ്രസിനെതിരെ ബിജെപി
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പ്രതിപക്ഷ ബഹളത്താൽ തടസപ്പെടുന്നതിനിടെ ഈ സംഘർഷാന്തരീക്ഷം കൂടുതൽ വഷളാക്കിക്കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു എഐ കോൺഗ്രസ് പങ്കിട്ടതോടെ വിവാദം ശക്തമാവുന്നു. പ്രധാനമന്ത്രിയെ ഒരു ചായക്കടക്കാരനായി ചിത്രീകരിക്കുന്നതാണ് എഐ ഉപയോഗിച്ച് ഉണ്ടാക്കിയ വീഡിയോ. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
കോൺഗ്രസ് നേതാവ് രാഗിണി നായകിന്റെ എക്‌സ് ഹാൻഡിലിൽ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചായക്കടക്കാരന്റെ വേഷത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചായപ്പാത്രവും കപ്പുകളുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു അന്താരാഷ്ട്ര പരിപാടിക്കിടെയുള്ള ദൃശ്യങ്ങളാണെന്ന് തോന്നിപ്പിക്കുന്ന വീഡിയോയിൽ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Screengrab- X
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ ബിജെപി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഇത് തികച്ചും ലജ്ജാകരമായ പ്രവൃത്തിയാണെന്ന് ബിജെപി വിശേഷിപ്പിച്ചു. പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഈ വീഡിയോ ഒബിസി സമൂഹത്തെയും രാജ്യത്തെ 140 കോടി ജനങ്ങളെയും അവഹേളിക്കുന്നതാണെന്നും ബിജെപി വക്താക്കൾ ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ അധഃപതിച്ച മനോഭാവമാണ് ഇതെന്നും ജനങ്ങൾ അവർക്ക് തക്കതായ മറുപടി നൽകുമെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. 'ഈ ട്വീറ്റ് പ്രധാനമന്ത്രിയെ മാത്രമല്ല, കഠിനാധ്വാനികളായ 140 കോടി ഇന്ത്യക്കാരെയും അപമാനിക്കുന്നതാണ്'. പാർട്ടി ദേശീയ വക്താവ് സിആർ കേശവൻ എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ പശ്ചാത്തലത്തെയും കുറിച്ച് നിരന്തരം പരാമർശിച്ചുകൊണ്ട് കോൺഗ്രസ് ഒബിസി സമൂഹത്തെ ലക്ഷ്യമിടുകയാണെന്നും കേശവൻ ആരോപിച്ചു. മറ്റ് ബിജെപി പ്രവർത്തകരും ഈ എഐ വീഡിയോക്കെതിരെ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. എക്‌സിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഈ വീഡിയോക്ക് എതിരായ രോഷം ആളിക്കത്തുകയാണ് ഇപ്പോൾ.
പ്രധാനമന്ത്രി മോദിക്ക് ജനങ്ങൾ ആവർത്തിച്ച് പിന്തുണ നൽകിയിട്ടുണ്ടെന്നും, രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പല അവസരങ്ങളിലും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും കേശവൻ അഭിപ്രായപ്പെട്ടു. സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ രാജ്യത്തെ നയിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും കേശവൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അന്തരിച്ച മാതാവിനെയും പോലും അധിക്ഷേപിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം മടികാട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ തുടക്ക കാലത്ത് ഗുജറാത്തിലെ ഒരു റെയിൽവേ സ്‌റ്റേഷനിൽ ചായ വിൽക്കാറുണ്ടെന്ന് പ്രധാനമന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെയാണ് പരിഹാസ രൂപേണ ഇപ്പോൾ കോൺഗ്രസ് ആയുധമാക്കുന്നത്.












Click it and Unblock the Notifications