ആണ്ടവാ ഇതൊക്കെയാണ് കൗൺസിലർ..! അപ്രഖ്യാപിത പവർകട്ടിനെതിരെ ജയിലർ 2 ടിക്കറ്റ് നൽകി പ്രതിഷേധം
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരാണ് ഭരിക്കുന്നത്. എന്നാൽ മുൻ സർക്കാരുകളിൽ നിന്ന് വലിയ മാറ്റമില്ലാതെ ചില മേഖലകളിലെ പ്രശ്‌നങ്ങൾ ഇപ്പോഴും അതേപടി തുടരുന്നുവെന്നാണ് വരുന്ന ചില രസകരമായ വാർത്തകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ ഇപ്പോഴിതാ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനെതിരെ വ്യത്യസ്‌തമായ പ്രതിഷേധവുമായി തിരുപ്പൂരിലെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം കൗൺസിലർ രംഗത്തെത്തിയതോടെ വാർത്തകൾ എല്ലാവരുടെയും ശ്രദ്ധയിൽ പതിയുകയാണ്.
വൈദ്യുതി മുടങ്ങുന്ന സമയത്ത് സെൽഫിയെടുത്ത് അയച്ചവർക്ക് രജനികാന്തിന്റെ ജയിലർ 2 സിനിമ സൗജന്യമായി കാണാനുള്ള അവസരമാണ് ഈ കൗൺസിലർ ഒരുക്കിയത്. ദ്രാവിഡ മുന്നേറ്റ കഴകത്തിനും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനുമെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് ടിവികെ അധികാരത്തിലെത്തിയത്. എന്നാൽ മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടങ്ങുന്നത്, വിലക്കയറ്റം, ക്രമസമാധാന പ്രശ്‌നങ്ങൾ തുടങ്ങിയവ ഇപ്പോഴും തുടരുന്നതായി ജനങ്ങൾ പരാതിപ്പെടുന്നുണ്ട്. ഇതുമൂലം സാധാരണക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ആരോപണമുണ്ട്.

വൈദ്യുതി മുടക്കം പതിവാകുന്നതിലേക്ക് ജനശ്രദ്ധ ആകർഷിക്കാനാണ് തിരുപ്പൂരിലെ ഒൻപതാം വാർഡ് എഐഎഡിഎംകെ കൗൺസിലറായ ദിവ്യഭാരതി ബാലാജി വേറിട്ട ബോധവത്കരണ പരിപാടി ആരംഭിച്ചത്. വാർഡിലെ പ്രാദേശിക വാട്‌സ് ആപ്പ് കൂട്ടായ്‌മയിലൂടെയാണ് അവർ വെല്ലുവിളി പ്രഖ്യാപിച്ചത്. പകൽ വൈദ്യുതി മുടങ്ങിയാൽ വൈദ്യുതി മീറ്ററിന് സമീപത്തുനിന്ന് സെൽഫിയെടുക്കണം. രാത്രിയിലാണ് വൈദ്യുതി മുടങ്ങുന്നതെങ്കിൽ കത്തിച്ച മെഴുകുതിരി കൈയിൽ പിടിച്ചുള്ള സെൽഫിയെടുത്ത് കൂട്ടായ്‌മയിൽ അയയ്ക്കണം എന്നായിരുന്നു നിർദേശം.
ഇത്തരത്തിൽ സെൽഫി അയയ്ക്കുന്ന ആദ്യത്തെ 55 പേരുടെ കുടുംബങ്ങളിൽനിന്ന് രണ്ടുപേർക്ക് വീതം ജയിലർ 2 സിനിമ കാണാനുള്ള അവസരം നൽകുമെന്നും കൗൺസിലർ പ്രഖ്യാപിച്ചു. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ 55-ാം സ്ഥാപക വാർഷികത്തെ അനുസ്‌മരിക്കാനാണ് 55 എന്ന സംഖ്യ തിരഞ്ഞെടുത്തത്. അതേസമയം, ടിവികെ ഭരണകാലത്തെ വൈദ്യുതി പ്രതിസന്ധി ജനശ്രദ്ധയിൽ കൊണ്ടുവരികയും ലക്ഷ്യമായിരുന്നു.
പരിപാടിക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. വൈദ്യുതി മുടങ്ങിയ സമയങ്ങളിൽ 340 പേർ സെൽഫികൾ അയച്ചു. വാഗ്‌ദാനം പറഞ്ഞപടി തന്നെ പാലിച്ച ദിവ്യഭാരതി ബാലാജി ആദ്യത്തെ 55 പേരെ വിജയികളായി തിരഞ്ഞെടുത്തു. സ്വന്തം ചെലവിൽ വിജയികളായ കുടുംബങ്ങളിൽനിന്നുള്ള 110 പേരെയും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ 15 പ്രവർത്തകരെയും ഉൾപ്പെടെ 125 പേരെ അംഗേരിപാളയത്തെ ഒരു തിയേറ്ററിലെത്തിച്ച് ജയിലർ സിനിമ കാണിക്കുകയും ചെയ്‌തു.
ഇതോടെ നിരവധി പേരാണ് വേറിട്ട പ്രതിഷേധത്തിന് കൈയടിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വലിയൊരു വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ദിവ്യഭാരതി എടുത്ത പ്രയത്നത്തെയാണ് കൂടുതൽ പേരും അഭിനന്ദിക്കുന്നത്. മാത്രമല്ല ടിവികെ സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങൾ ഇതോടെ കൂടുതൽ ശക്തിയോടെ രംഗത്ത് വരികയും ചെയ്‌തു.


Click it and Unblock the Notifications
