ഹൈദരാബാദിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ ഇടിച്ചിറക്കി; ആർക്കും പരിക്കില്ല
ഹൈദരാബാദ്: തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ഹൈദരാബാദിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്‌തു. വിമാനത്തിന്റെ മുൻ ലാൻഡിംഗ് ഗിയറിന് തകരാറുണ്ടായതിനാൽ റൺവേ മണിക്കൂറുകളോളം അടച്ചിട്ടു. വിമാനത്തിലെ 133 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ ആർക്കും പരിക്കില്ല. റൺവേ പരിശോധനകൾക്കും ക്ലിയറൻസിനുമായി വൈകുന്നേരം 6 മണി വരെ അടച്ചിടാൻ വിമാനത്താവള അധികൃതർ നിർദേശിച്ചു. ലാൻഡിംഗിനിടെ മുൻ ചക്രത്തിനുണ്ടായ തകരാറാണ് കഠിനമായ ഇറക്കത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. റൺവേ സുരക്ഷിതമാക്കാൻ വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഫുക്കറ്റ് വിമാനത്താവളത്തിൽവെച്ച് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന്റെ മുൻ ചക്രത്തിൽ തകരാറുകൾ നേരിട്ടുവെന്ന് മാത്രമാണ് ഇതുവരെ ലഭ്യമായ വിവരം. 'മാർച്ച് 11-ലെ ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തിൽ മുൻ ചക്രത്തിൽ ഒരു പ്രശ്‌നം അനുഭവപ്പെട്ടതായി ഞങ്ങൾ സ്ഥിരീകരിക്കുന്നു' എയർ ഇന്ത്യ ഈ വിഷയം സംബന്ധിച്ച് എയർലൈൻ പ്രസ്‌താവനയിൽ പറഞ്ഞു.
വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ സിസ്‌റ്റത്തിലെ പ്രധാന ഘടകമാണ് മുൻ ചക്രം. ചില ഫ്‌ളൈറ്റ് ഡാറ്റ ട്രക്കർമാർ പറയുന്ന റിപ്പോർട്ട് പ്രകാരം, ഐഎക്‌സ് 938 നമ്പർ വിമാനം ഹൈദരാബാദിൽ നിന്ന് രാവിലെ 6:20-ന് പകരം 6:42-നാണ് പറന്നുയർന്നത്. ഇത് പ്രാദേശിക സമയം 11:40-ന് ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു.
'വിമാനത്തിലെ ജീവനക്കാർ എല്ലാ സ്‌റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും പാലിച്ചു; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയും ചെയ്‌തു' എയർ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. വിമാനത്തിന് കൂടുതൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ അതോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ എന്നുള്ളത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവൂ.












Click it and Unblock the Notifications