ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനയുടെ ജാഗ്വാർ വിമാനം തകർന്നുവീണു; പൈലറ്റിന് പരിക്ക്
അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. അപകടത്തിൽ ഒരു പൈലറ്റിന് പരിക്കേറ്റു. ജാഗ്വാർ വിമാനമാണ് തകർന്നുവീണത്. അപകടത്തിന് പിന്നാലെയുള്ള വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ തകർന്നുവീണ അവശിഷ്‌ടങ്ങൾ കത്തിയമരുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.
വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റിനെ കാണാതായതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. "ക്രാഷ് ലാൻഡിംഗിന് ശേഷം വിമാനത്തിന് തീപിടിച്ചു. പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി കാണാതായ പൈലറ്റിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്" ജില്ലാ എസ്‌പി പ്രേംസുഖ് ദേലുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

അപകടത്തിൽ പരിക്കേറ്റ പൈലറ്റ് നിലത്ത് വീണുകിടക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ചുള്ള ആദ്യ വിവരം രാത്രി 9:50 ഓടെയാണ് ലഭിച്ചത്. അതിനുശേഷം രക്ഷാപ്രവർത്തകരുടെ ഒരു സംഘം അപകടസ്ഥലത്തെത്തിയിരുന്നു. കാണാതായ പൈലറ്റിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ നാട്ടുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനം തുറന്ന വയലിൽ തകർന്നുവീണതിനാൽ വലിയൊരു അപകടം ഒഴിവായതായും അധികൃതർ പറഞ്ഞു. ജനസാന്ദ്രത ഏറിയ ഭാഗത്ത് നിന്നും അകലയെയാണ് വിമാനം തകർന്നുവീണത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1980കൾ മുതൽ ഇന്ത്യൻ വ്യോമസേനയുടെ അവിഭാജ്യ ഘടകമായ ഇരട്ട എഞ്ചിൻ സ്ട്രൈക്ക് വിമാനമായ ജാഗ്വാർ, ആഴത്തിലുള്ള നുഴഞ്ഞുകയറ്റ ദൗത്യങ്ങൾക്ക് ഒരു പേരുകേട്ട വിമാനങ്ങളിൽ ഒന്നാണ്, പതിറ്റാണ്ടുകളായി അത് സേനയെ സേവിച്ചിട്ടുമുണ്ട്. എന്നാൽ അതിന്റെ കാലഹരണപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇടയ്ക്കിടെ ആശങ്കകൾ ഉയരാൻ കാരണമായിട്ടുണ്ട്.
ഹരിയാനയിലെ പഞ്ച്കുലയ്ക്ക് സമീപം അടുത്തിടെ മറ്റൊരു ജാഗ്വാർ യുദ്ധവിമാനം തകർന്ന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റിന് വിമാനം ജനവാസ മേഖലകളിൽ നിന്ന് അകറ്റി സുരക്ഷിതമായി വിമാനം ഇടിച്ചിറക്കാൻ സാധിച്ചു. അംബാല വ്യോമതാവളത്തിൽ നിന്നായിരുന്നു പരിശീലന പറക്കലിനായി വിമാനം പറന്നുയർന്നത്.
മാത്രമല്ല നിലവിൽ അപകടമുണ്ടായ പ്രദേശത്തിന് അടുത്തായി ആറര വർഷങ്ങൾക്ക് മുൻപ് സമാനമായി ജാഗ്വാർ വിമാനം തന്നെ തകർന്നുവീണിരുന്നു. 2018 ജൂണിൽ ജാംനഗറിന് സമീപം നടന്ന സമാനമായ ഒരു അപകടത്തെ ഇന്നത്തെ സംഭവം ഓർമ്മപ്പെടുത്തുന്നു. അന്ന് പരിശീലന പറക്കലിനിടെ ജാഗ്വാർ വിമാനം തകർന്ന് എയർ കമ്മഡോർ സഞ്ജയ് ചൗഹാൻ വീരമൃത്യു വരിച്ചിരുന്നു.












Click it and Unblock the Notifications