കൊല്‍ക്കത്ത മേല്‍പ്പാലം, അമേരിക്കയിലെ ഫാക്ടറി...!! ബിജെപി ഫുള്‍ വ്യാജമെന്ന് അഖിലേഷ് യാദവ്, മറുപടി
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ ഉത്തര്‍ പ്രദേശില്‍ പ്രചാരണം പലവിധമാണ്. ബിജെപി നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന പലതും വ്യാജമാണെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആക്ഷേപം. സംസ്ഥാനത്തിന് പുറത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ യുപിയുടേതായി അവകാശപ്പെടുന്നുണ്ടെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. ചിലപ്പോള്‍ വിദേശരാജ്യങ്ങളിലെ ചിത്രങ്ങളും യോഗി സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടത്രെ.
മുന്‍ എസ്പി സര്‍ക്കാര്‍ തുടങ്ങിയ പല പദ്ധതികളുമാണ് ഇപ്പോഴും ബിജെപി ഭരണകൂടം നേട്ടമായി അവതരിപ്പിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നു. പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ബിജെപിയുടെ നീക്കങ്ങള്‍ പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്പി തന്ത്രം ആവിഷ്‌കരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം. ഒട്ടേറെ വികസന പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ യുപിയില്‍ തുടക്കമിടുന്നത്. യോഗി സര്‍ക്കാര്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിക്കുന്നുമുണ്ട്. പൂര്‍വാഞ്ചല്‍ മേഖലയിലെ വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് ഭയക്കുന്ന ബിജെപി ഈ മേഖലയിലാണ് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്.

ഏറ്റവും ഒടുവില്‍ നോയിഡയില്‍ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. നോയിഡ വിമാനത്താവളം എന്ന പേരില്‍ ബിജെപി നേതാക്കള്‍ ട്വീറ്റ് ചെയ്യുന്നത് ചൈനയിലെ വിമാനത്താവളത്തിന്റെ ചിത്രങ്ങളാണെന്ന് എസ്പി നേതാക്കള്‍ ആരോപിച്ചു. അഖിലേഷ് യാദവ് ഇക്കാര്യം സൂചിപ്പിച്ച് പരിഹസിക്കുകയും ചെയ്തു.

ബിജെപി മുഴുവന്‍ വ്യാജമാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അവരുടെ ഫോട്ടോകള്‍ വ്യാജമാണ്. അവരുടെ വാഗ്ദാനങ്ങളും വ്യാജമാണ്. അവര്‍ പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്നും അഖിലേഷ് ചോദിക്കുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അത്ഭുതകരമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവായി അവര്‍ പുറത്തുവിടുന്നത് മറ്റെവിടെയോയുള്ള പദ്ധതികളാണെന്നും അഖിലേഷ് പറഞ്ഞു.

കൊല്‍ക്കത്തയിലെ മേല്‍പ്പാലം, അമേരിക്കയിലെ ഫാക്ടറികള്‍ എന്നിവയെല്ലാം ബിജെപി യുപിയിലെ വികസനമായി ചിത്രങ്ങള്‍ പുറത്തുവിടുന്നു. ഇപ്പോഴിതാ അയല്‍രാജ്യത്തെ വിമാനത്താവളത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നു. ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പരസ്യങ്ങളില്‍ മാത്രമാണെന്നും ഒന്നും യാഥാര്‍ഥ്യമാകുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

യോഗി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന പേരില്‍ സെപ്തംബറില്‍ ഉത്തര്‍ പ്രദേശിലെ പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കിയിരുന്നു. ഇതില്‍ കാണിച്ച മേല്‍പ്പാലം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തിയിലേതാണ്. യോഗിയെ പരിഹസിച്ചും മമതയുടെ വികസ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയതില്‍ നന്ദി പ്രകടിപ്പിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തുവന്നതോടെയാണ് ഇത് ചര്‍ച്ചയായത്.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

എസ്പി സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതികളാണ് ഇപ്പോഴും യുപിയില്‍ നടക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു. കേന്ദ്ര സര്‍വകലാശാലകള്‍, ആശുപത്രികള്‍, ഹൈവേകള്‍ എന്നിവയെല്ലാം എസ്പി സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിലും യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തിലും ഭരണത്തിലുള്ളപ്പോള്‍ തുടങ്ങിയതാണ്. യോഗി സര്‍ക്കാര്‍ യുപിക്ക് വേണ്ടി പുതിയതൊന്നും തുടങ്ങിയിട്ടില്ല. ഞങ്ങള്‍ ആരംഭിച്ച സൗജന്യ ലാപ് ടോപ്പ് പദ്ധതി നിങ്ങള്‍ കോപ്പിയടിച്ചു. നാലര വര്‍ഷത്തിനിടെ എത്ര ലാപ്പ് ടോപ് വിതരണം ചെയ്തുവെന്നും അഖിലേഷ് ചോദിക്കുന്നു.

അതേസമയം, അഖിലേഷിന് മറുപടിയുമായി യോഗി ആദിത്യനാഥ് രംഗത്തുവന്നു. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേക്ക് അഖിലേഷ് ഭൂമി ഏറ്റെടുത്തിരുന്നില്ല. പ്രഖ്യാപനം നടത്തുക മാത്രമാണ് ചെയ്തത്. ബിജെപി സര്‍ക്കാരാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നു യോഗി പറഞ്ഞു. ഉത്തര്‍ പ്രദേശിന്റെ വികസനം സംബന്ധിച്ച് യാതൊരു വീക്ഷണവുമില്ലാത്തവരാണ് എസ്പിയും കോണ്‍ഗ്രസും ബിഎസ്പിയും. ബിജെപിക്ക് കൃത്യമായ ആദര്‍ശവും വീക്ഷണവുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുപിയുടെ ചിത്രം മാറിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.












Click it and Unblock the Notifications