അസംഗഡിന്റെ പേര് മാറ്റുമെന്ന് യോഗി; അഖിലേഷിനെ 'നിര്‍ത്തിപ്പൊരിച്ച്' അമിത് ഷാ
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കളുടെ പ്രചാരണം. അഖിലേഷിന്റെ ലോക്‌സഭാ മണ്ഡലമായ അസംഗഡില്‍ നടന്ന ബിജെപി റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു. അസംഗഡിന്റെ പേര് മാറ്റുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചപ്പോള്‍, യോഗി തന്നെയാകും യുപിയുടെ അടുത്ത മുഖ്യമന്ത്രിയെന്ന് അമിത് ഷാ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിലെ വീഴ്ച കാരണം യോഗിയെ മാറ്റിയേക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയരവെയാണ് യോഗി തന്നെ മുഖ്യമന്ത്രി എന്ന് അമിത് ഷാ പറയുന്നത്.
അസംഗഡ് രണ്ട് മുഖ്യമന്ത്രിമാരെ ജയിപ്പിച്ചിട്ടുണ്ട്. അവരെ ലോക്‌സഭയിലേക്കും ജയിപ്പിച്ചു. അവര്‍ കാരണമാണ് അസംഗഡ് പിന്നാക്കംപോയതെന്ന് അഖിലേഷിനെ പരോക്ഷമായി സൂചിപ്പിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു. അസംഗഡിന്റെ പേര് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ആര്യംഗഡ് എന്നാക്കണമെന്നാണ് ആവശ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയ യോഗിയുടെ നടപടി ഏറെ വിവാദമായിരുന്നു. അലഹാബാദിനെ പ്രയാഗ് രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നുമാണ് മാറ്റിയത്. മിയാന്‍ഗഞ്ച്, മായാഗഞ്ച് എന്നാക്കി മാറ്റി. അസംഗഡില്‍ പുതിയ സര്‍വകലാശാല്ക്ക് അമിത് ഷാ തറക്കല്ലിട്ടു. സര്‍വകലാശാല സ്ഥാപിതമാകുമ്പോള്‍ അസംഗഡ് എന്നത് ആര്യന്‍ഗഡാകുമെന്നു യോഗി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. നിങ്ങളുടെ എംപി വീണ്ടുമെത്തി വോട്ട് ചോദിക്കും. വന്ദേമാതരം ചൊല്ലുന്ന വിഷയത്തില്‍ ഷിബ്ലി കോളജില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കേസെടുക്കാന്‍ അന്ന് തയ്യാറായില്ല. ഇന്ന് അങ്ങനെയൊക്കെ സംഭവിക്കുമോ എന്നും 2004ലെ സംഭവം സൂചിപ്പിച്ച് യോഗി ചോദിച്ചു.
സിംപിള്‍ താര വിവാഹം; നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്തും വിവാഹിതരായി; ചിത്രങ്ങള്‍
യോഗി ആദിത്യനാഥ് എസ്പി നേതാവ് അഖിലേഷിന്റെ തട്ടകമായ അസംഗഡില്‍ പ്രചാരണം നടത്തുമ്പോള്‍ യോഗിയുടെ തട്ടകമായ ഗൊരഖ്പൂരില്‍ പ്രചാരണം നടത്തുകയാണ് അഖിലേഷ്. ഗൊരഖ്പൂരിലെ ജനങ്ങള്‍ മാറ്റം കൊതിക്കുന്നു. വികസനം അവര്‍ക്ക് ആവശ്യമാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ നിരാശയിലുമാണ്. നിങ്ങള്‍ എസ്പിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടാനാണ് ഞാന്‍ വന്നത്. ഇന്ധന വില വര്‍ധിക്കുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്ത ഇന്നത്തെ അവസ്ഥയില്‍ ബിജെപി മറുപടി പറയാന്‍ പ്രയാസപ്പെടുകയാണെന്നും അഖിലേഷ് പറഞ്ഞു.
അസംഗഡിലെ നിയമസഭാ സീറ്റുകളില്‍ ബിജെപിയെ ജയിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. യോഗിയെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ നിങ്ങള്‍ വോട്ട് ചെയ്യണം. നരേന്ദ്ര മോദി ഇന്ത്യയ്ക്കും ഉത്തര്‍ പ്രദേശിനും വേണ്ടി ജാം പദ്ധതി നടപ്പാക്കുന്നു, ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍, എല്ലാവര്‍ക്കും മൊബൈല്‍ എന്നതാണ് മോദിയുടെ ജാം പദ്ധതി. ഇക്കാര്യം ഞാന്‍ ഗുജറാത്തില്‍ പറഞ്ഞപ്പോള്‍ അഖിലേഷ് യാദവ് പറഞ്ഞത്രെ, എസ്പിക്കും ജാം പദ്ധതിയുണ്ട് എന്ന്. ജിന്ന, അസം ഖാന്‍, മുക്താര്‍ എന്നതാണ് അഖിലേഷിന്റെ ജാം പദ്ധതി. നിങ്ങള്‍ക്ക് ബിജെപിയുടെ ജാം വേണോ അഖിലേഷിന്റെ ജാം വേണോ. ഇവിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ ഇരിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ജിന്ന മഹാനാണെന്ന്. എന്നാല്‍ അഖിലേഷ് യാദവ് പറയുന്നത് ജിന്ന മഹാനാണ് എന്നാണെന്നും അമിത് ഷാ പരിഹസിച്ചു.












Click it and Unblock the Notifications