അക്ഷയ് കുമാറിന്റെ സൂര്യവംശിയുടെ പ്രദര്‍ശനം പഞ്ചാബില്‍ തടഞ്ഞ് കര്‍ഷകര്‍, പോസ്റ്ററും കീറി
ചണ്ഡീഗഡ്: ദീപാവലി ആഘോഷങ്ങള്‍ക്കിടെ പ്രതീക്ഷ പകര്‍ന്നായിരുന്നു അക്ഷയ് കുമാറിന്റെ സൂര്യവംശി തിയേറ്ററില്‍ റിലീസ് ചെയ്തത്. ബോളിവുഡിനും പുത്തനുണര്‍വായിരുന്നു ചിത്രം. എന്നാല്‍ ചിത്രത്തിനെതിരെ കര്‍ഷകര്‍ അതിരൂക്ഷമായ പ്രതിഷേധമാണ് നടത്തിയത്. പഞ്ചാബിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. പഞ്ചാബിലെ അഞ്ച് തിയേറ്ററുകളിലെ പ്രദര്‍ശനം കര്‍ഷകര്‍ തടഞ്ഞിരിക്കുകയാണ്. ഇതോടെ ചിത്രം പ്രദര്‍ശിപ്പിക്കാനാവാത്ത അവസ്ഥയിലാണ് തിയേറ്റര്‍ ഉടമകള്‍. ദീപാവിലക്ക് ഏറ്റവും നല്ല കളക്ഷന്‍ കിട്ടുന്ന സമയമാണ്. കൊവിഡ് തരംഗത്തെ മറികടന്ന് തിയേറ്ററുകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഈ തടസ്സമുണ്ടായത്.

കര്‍ഷകര്‍ അക്രമാസക്തരാവുന്നതാണ് പഞ്ചാബില്‍ കണ്ടത്. ഇവര്‍ സൂര്യവംശിയുടെ പോസ്റ്ററുകളെല്ലാം വലിച്ച് കീറി. തിയേറ്ററിന് പുറത്തുവെച്ചിരുന്ന പോസ്റ്ററുകളാണ് ഇത്. ഇവര്‍ അക്ഷയ് കുമാറിനെ എതിര്‍ക്കുന്നുവെന്ന് വിളിച്ച് പറയുന്നുണ്ട്. കര്‍ഷക സമരത്തെ അക്ഷയ് കുമാര്‍ ഇതുവരെ പിന്തുണച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിക്കേണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം കാര്‍ഷിക നിയമത്തിനെതിരെ തുടങ്ങിയ സമരം ഇപ്പോള്‍ മറ്റൊരു തലത്തിലേക്കാണ് പോകുന്നത് കഴിഞ്ഞ ദിവസം ബിജെപി എംപിയുടെ വാഹനത്തിനും കര്‍ഷക കേടുപാടുകള്‍ ഉണ്ടാക്കിയിരുന്നു. രണ്ട് പേരെ പോലീസ് അറസ്റ്റും ചെയ്തിരുന്നു.
ഭാരതീയ കിസാന്‍ യൂണിയന്റെ പ്രവര്‍ത്തകരും ജില്ലാ പ്രസിഡന്റ് സ്വരന്‍ ദുഗ്ഗയും ചേര്‍ന്നാണ് തിയേറ്ററിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഉദ്ദം സിംഗ് പാര്‍ക്ക് മുതല്‍ സ്വരന്‍ സിനിമാ തിയേറ്റര്‍ വരെ ഇവര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. തിയേറ്റര്‍ അധികൃതര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇവര്‍ നിര്‍ബന്ധം പിടിച്ചു. അക്ഷയ് കുമാറിന്റെ പ്രവര്‍ത്തിയെ ഇവര്‍ അപലപിച്ചു. കര്‍ഷക സമരം പിന്‍വലിക്കുന്നത് വരെ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെ തിയേറ്ററില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. അതേസമയം തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ നിരാശയാണിത്.
പഞ്ചാബില്‍ അടക്കം വന്‍ കളക്ഷനാണ് ചിത്രം നേടുന്നത്. നൂറ് ശതമാനം കപ്പാസിറ്റിയോടടുത്താണ് പഞ്ചാബില്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച കളക്ഷന്‍ പഞ്ചാബി ചിത്രങ്ങള്‍ അടക്കം നേടുന്നുണ്ട്. ഈ സാഹചര്യത്തില്‍ റിലീസ് തടയുന്നത് സൂര്യവംശിയുടെ കളക്ഷനെ പഞ്ചാബില്‍ ബാധിക്കാനാണ് സാധ്യത. അതേസമയം ഉടനൊന്നും കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യത കാണുന്നില്ല. അതുകൊണ്ട് തന്നെ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ക്ക് പഞ്ചാബില്‍ വലിയ തിരിച്ചടിയുണ്ടാവാനാണ് സാധ്യത. എന്നാല്‍ കര്‍ഷക സമരത്തില്‍ അക്ഷയ് കുമാര്‍ പ്രതികരിക്കാനുള്ള സാധ്യത കുറവാണ്. ബിജെപി നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉള്ളത്.












Click it and Unblock the Notifications