അലിഗഡിന്റെ പേര് മാറ്റുന്നു; പ്രമേയം പാസാക്കി, പുതിയ പേര് ഇങ്ങനെ... യോഗിയുടെ തീരുമാനം നിര്‍ണായകം
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ചരിത്ര പ്രസിദ്ധമായ പല സ്ഥലങ്ങളുടെയും പേര് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാറ്റിയിരുന്നു. അലഹാബാദിന്റെയും ഫൈസാബാദിന്റെയും മുഗള്‍ സരായിയുടെയുമെല്ലാം പേര് മാറ്റിയത് അടുത്തിടെയാണ്. ഇപ്പോള്‍ അലിഗഡിന്റെ പേര് മാറ്റാനുള്ള നീക്കം പുരോഗമിക്കുന്നു.
അലിഗഡ് ജില്ലാ പഞ്ചായത്ത് ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. വൈകാതെ യോഗി സര്‍ക്കാര്‍ ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. അലിഗഡിന് പുതിയ പേര് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഉത്തര്‍ പ്രദേശ് ഒരുങ്ങവെയാണ് അലിഗഡിന്റെ പേര് മാറ്റുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

അലിഗഡിന്റെ പേര് മാറ്റണമെന്ന് ഒരുവിഭാഗം ആവശ്യം ശക്താക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോഹ്രി സിങ്, ഉമേഷ് യാദവ് എന്നിവരാണ് ആദ്യം ഈ നിര്‍ദേശം രേഖാമൂലം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിജയ് സിങാണ് ഇക്കാര്യം അറിയിച്ചത്.

അലിഗഡിന്റെ പേര് ഹരിഗഡ് എന്നാക്കി മാറ്റണം എന്നാണ് പ്രമേയത്തിലെ ആവശ്യം. പ്രമേയം പാസാക്കിയതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചു. മന്ത്രിസഭ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. നേരത്തെ ഉത്തര്‍ പ്രദേശിലെ ഒട്ടേറെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു.

ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നാണ് അലഹാബാദ്. ഇപ്പോള്‍ അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നാണ്. 2019ല്‍ നടന്ന കുംഭമേളയ്ക്ക് തൊട്ടുമുമ്പാണ് പ്രയാഗ് രാജ് എന്ന് നാമകരണം ചെയ്തത്. പേര് മാറ്റിയിട്ടുണ്ടെങ്കിലും അറിയപ്പെടുന്നത് അലഹാബാദ് എന്നു തന്നെയാണ്. എന്നാല്‍ രേഖകളില്‍ മാറ്റം വന്നിട്ടുണ്ട്. യുപിയിലെ ഹൈക്കോടതി അലഹാബാദ് ഹൈക്കോടതി എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.

അലിഗഡ് ജില്ലാ പഞ്ചായത്ത് ചര്‍ച്ച ചെയ്ത പ്രമേയത്തില്‍ മറ്റൊരു സ്ഥലത്തിന്റെ പേര് മാറ്റണമെന്നും ആവശ്യമുണ്ട്. ധാനിപൂര്‍ എയര്‍ സ്ട്രിപ്പിന്റെ പേര് കല്യാണ്‍ സിങ് എയര്‍സ്ട്രിപ്പ് എന്നാക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ പല സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റുമെന്ന് 2019ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

മുഗള്‍സരായ് റെയില്‍വെ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ് നഗര്‍ എന്നാക്കിയാണ് മാറ്റിയത്. ജനസംഘത്തിന്റെ നേതാവായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായ. അലഹാബാദ് പ്രയാഗ് രാജാക്കി മാറ്റി. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കുകയും ചെയ്തു. ധാനിപൂരിന്റെ പേര് കല്യാണ്‍ സിങിന്റെ പേരിലേക്കാണ് മാറ്റാന്‍ പോകുന്നത്. ബിജെപി മുന്‍ മുഖ്യമന്ത്രിയാണ് കല്യാണ്‍ സിങ്.

ഉത്തര്‍ പ്രദേശില്‍ അടുത്ത ഫെബ്രുവരിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി വന്‍ ഒരുക്കമാണ് തിരഞ്ഞെടുപ്പിന് വേണ്ടി നടത്തുന്നത്. കേന്ദ്ര നേതാക്കള്‍ നേരിട്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അതേസമയം, പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ കക്ഷികളെല്ലാം തനിച്ച് മല്‍സരിക്കുമെന്നാണ് വിവരം.

പ്രതിപക്ഷത്തിനിടയില്‍ ഐക്യം വന്നാല്‍ ബിജെപിക്ക് ആശങ്കയേറും. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശക്തയുള്ളത് ഞങ്ങള്‍ക്കാണ് എന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറയുന്നു. ചെറുകക്ഷികളുമായി സഖ്യത്തിന് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്പിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാകില്ലെന്നും എസ്പി നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications