സ്‌കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി; ബംഗാളിൽ സിജെപി പ്രവർത്തകന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിജെപി പ്രവർത്തകന്റെ പിതാവ് മരണപ്പെട്ടു. സിജെപി പ്രവർത്തകൻ ഷെയ്ഖ് അബ്‌ദുൾ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് മരണപ്പെട്ട സംഭവത്തിൽ ബിജെപിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോക്ക്‌റോച്ച് ജനത പാർട്ടി. സംഭവത്തിൽ ഉത്തരവാദികളായവരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ശനിയാഴ്‌ചയാണ് മാഫിക് മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു.
ഓഗസ്‌റ്റ് 13ന് സിജെപി സംഘടിപ്പിച്ച 'സ്‌കൂൾ ഠീക് കരോ' ക്യാംപയിന്റെ ഭാഗമായി ഹഫീസ് തന്റെ ഗ്രാമത്തിലെ സർക്കാർ സ്‌കൂൾ സന്ദർശിച്ചിരുന്നു. സ്‌കൂളിലെ കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം പരിശോധിക്കുകയും പോരായ്‌മകൾ കണ്ടെത്തുകയുമായിരുന്നു ലക്ഷ്യം. ഇതിന് പിന്നാലെയാണ് ബാങ്കുറ ജില്ലയിലെ കരിസുന്ദ മേഖലയിൽ ആക്രമണം നടന്നതെന്നാണ് സിജെപിയുടെ ആരോപണം.

അന്ന് വൈകുന്നേരം ആയുധങ്ങളുമായി എത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സംഘം ഹഫീസിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നും ഇവർ പ്രാദേശിക ബിജെപി പ്രവർത്തകരാണെന്നും സി.ജെ.പി ആരോപിച്ചു. സ്‌കൂളിലെ പരിശോധനയെക്കുറിച്ച് ഒരു അധ്യാപകൻ രാഷ്ട്രീയ പ്രവർത്തകരെ അറിയിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് ആശുപത്രിയിൽ നിന്ന് ഹഫീസ് റെക്കോർഡ് ചെയ്‌ത വീഡിയോയിൽ ആരോപിക്കുന്നുണ്ട്.
സ്‌കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിന് മാപ്പുപറയുന്ന വീഡിയോ റെക്കോർഡ് ചെയ്യണമെന്നും താൻ മറ്റാരുടെയോ പ്രേരണയിലാണ് പരിശോധന നടത്തിയതെന്ന് പറയണമെന്നും സംഘം ആവശ്യപ്പെട്ടതായി സിജെപി ആരോപിച്ചു. ഹഫീസ് ഇതിന് വിസമ്മതിച്ചതോടെ കുടുംബാംഗങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് പാർട്ടിയുടെ ആരോപണം. ആക്രമണത്തിൽ ഹഫീസിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയും പിതാവ് മാഫിക്കിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തെന്ന് സിജെപി പറയുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹഫീസ് തന്റെ പരിക്കുകൾ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടതായും തുടർന്ന് സുരക്ഷാ ഭീഷണിയെ തുടർന്ന് കൊൽക്കത്തയിലേക്ക് പോകേണ്ടിവന്നതായും പാർട്ടി അറിയിച്ചു. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ മാഫിക് ഓഗസ്‌റ്റ് 15ന് മരണത്തിന് കീഴടങ്ങിയെന്നാണ് സിജെപി പറയുന്നത്.
സംഭവത്തിൽ പാർട്ടി ദേശീയ കൺവീനർ അഭിജീത് ദിപ്കെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മികച്ച സർക്കാർ സ്‌കൂളുകൾക്കായി നടത്തുന്ന ക്യാംപയിൻ നിർത്താൻ എത്ര ഭീഷണിപ്പെടുത്തിയാലും പാർട്ടി പിന്നോട്ടില്ലെന്നും ഹഫീസിനും കുടുംബത്തിനുമൊപ്പം സിജെപി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്നും പശ്ചിമ ബംഗാളിലേക്ക് പാർട്ടി സംഘം എത്തി കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ സിജെപി വക്താവ് സൗരവ് ദാസ്യും പ്രതിഷേധിച്ചു. ഹഫീസിന്റെ 'സാമൂഹിക ഓഡിറ്റ്' പ്രവർത്തനമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പാർട്ടിയുടെ ആരോപണം. ആക്രമണത്തിന് പിന്നാലെ ആവശ്യമായ മെഡിക്കോ-ലീഗൽ നടപടികൾ സ്വീകരിച്ചില്ലെന്നും എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തില്ലെന്നും സിജെപി ആരോപിച്ചു.
അതേസമയം, ആക്രമണത്തിന്റെ യഥാർഥ സാഹചര്യം, മാഫിക്കിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ, നിയമനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്‌ച സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്നാണ് സിജെപി ആവശ്യപ്പെടുന്നത്. പ്രതികളെ ഉടൻ പിടികൂടുകയും ഹഫീസിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു.


Click it and Unblock the Notifications