യുവതി മരിച്ച അപകടവാർത്ത അറിഞ്ഞപ്പോൾ പുഷ്‌പ 2 ഹിറ്റാകുമെന്ന് അല്ലു പറഞ്ഞു; ആരോപണവുമായി എംഎൽഎ
ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയറിനിടെ യുവതി മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ അല്ലു അർജുനെതിരെ ഗുരുതര ആരോപണവുമായി എഐഎംഐഎം നേതാവും എംഎൽഎയുമായ അക്ബറുദ്ദീൻ ഒവൈസി. അപകടവാർത്ത അറിഞ്ഞയുടൻ ഇനി സിനിമ ഉറപ്പായും ഹിറ്റാവുമെന്നാണ് താരം പ്രതികരിച്ചത് പ്രീമിയർ തുടർന്നും കാണുകയും ചെയ്തെന്നുമാണ് ഒവൈസി ആരോപിക്കുന്നത്.
അല്ലുവിന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 'ആ പ്രമുഖ സിനിമാ താരത്തിന്റെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ, എന്റെ അറിവ് ശരിയാണെങ്കിൽ തിയേറ്ററിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച വിവരം അറിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു സിനിമ ഇപ്പോൾ ഹിറ്റാകും എന്നാണ്.' അല്ലു അർജുനെ സൂചിപ്പിച്ചു കൊണ്ട് ഒവൈസി ആരോപിച്ചു.

'പിന്നെ അദ്ദേഹം സിനിമ മുഴുവൻ കാണുകയും ജനക്കൂട്ടത്തിന് നേരെ കൈ വീശി കാണിക്കുകയും ചെയ്‌തിരുന്നു. സർക്കാർ അനീതി കാണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ പോലും അദ്ദേഹം കൂട്ടാക്കിയില്ല' ഒവൈസി ആരോപിക്കുന്നു. പൊതുജനങ്ങളെ ബാധിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ താരം പരാജയപ്പെട്ടെന്നും ഒവൈസി പറയുന്നു.
'ഇവിടെ എവിടെയാണ് മനുഷ്യത്വം? ആയിരക്കണക്കിന് ആളുകളുമായി പൊതുയോഗങ്ങളിൽ ഞാനും പങ്കെടുക്കുന്നുണ്ട്. അവിടെ തിക്കും തിരക്കും ഇല്ലെന്ന് ഞാൻ ഉറപ്പാക്കുന്നു. ആരും വേദനിക്കാതിരിക്കാൻ എനിക്ക് ചുറ്റുമുള്ള സുരക്ഷാ ജീവനക്കാർ ആരെയും തള്ളിവിടുന്നില്ലെന്ന് ഞാൻ ഉറപ്പാക്കുന്നു' ഒവൈസി കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി തന്നെ രംഗത്ത് വന്നിട്ടുണ്ട്. അപകടം ഉണ്ടായിട്ടും റോഡ്ഷോ തുടരുകയും ജനക്കൂട്ടത്തിന് നേരെ കൈവീശുകയും ചെയ്‌ത അല്ലു അർജുന്റെ നടപടിയെ അദ്ദേഹം അപലപിച്ചു. പോലീസ് അനുമതി നിഷേധിച്ചിട്ടും നടൻ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് രേവന്ത് റെഡ്ഢി ആരോപിക്കുന്നത്.
ഡിസംബർ 4ന് നടന്റെ സന്ദർശനത്തിന് മുന്നോടിയായി ഡിസംബർ 2ന് തിയേറ്റർ മാനേജ്‌മെന്റ് പോലീസിൽ നിന്ന് സുരക്ഷ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ക്രൗഡ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം അപേക്ഷ നിരസിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. സ്‌ക്രീനിങ്ങിന് മുമ്പും ശേഷവും അല്ലു അർജുൻ എത്തിയതോടെ സ്ഥിതിഗതികൾ രൂക്ഷമാവുകയായിരുന്നു.
അതേസമയം, സന്ധ്യ തിയേറ്ററിൽ ഡിസംബർ നാലിനുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിനും തിയേറ്റർ മാനേജ്‌മെന്റിനുമെതിരെ ചിക്കാട്പള്ളി പോലീസ് സ്‌റ്റേഷനിൽ പോലീസ് കേസെടുത്തിരുന്നു. ഇതിൽ അല്ലുവിനെ അറസ്‌റ്റ് ചെയ്‌ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications