പഞ്ചാബിൽ കോൺഗ്രസ് നേതാക്കളെ ചാടിക്കാൻ അമരീന്ദർ; ചർച്ച തുടങ്ങി
ചണ്ഡീഗഡ്; തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാനുള്ള കാത്തിരിപ്പിലാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. എന്നാൽ അതിന് മുൻപ് തന്നെ കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടിക്കേണ്ട നേതാക്കളെ കണ്ടെത്താനുള്ള നീക്കങ്ങളും അമരീന്ദർ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. പാർട്ടി റാലികൾക്ക് തുടക്കം കുറിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസിലെ തന്റെ അനുയായികളേയും സംസ്ഥാനത്തെ പ്രമുഖ നേതാക്കളേയും കർഷക നേതാക്കളേയുമെല്ലാം പി എൽ സിക്ക് കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യം.
പരാമവധി പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്താൻ ചർച്ചകളെങ്കിലും മറ്റ് പാർട്ടികളിലെ പ്രത്യേകിച്ച് കോൺഗ്രസിലെ അതൃപ്തിയുള്ള നേതാക്കളെ ഉൾപ്പെടുത്താൻ അമരീന്ദർ ശ്രമങ്ങൾ ആരംഭിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷം നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിലെ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപനത്തിനാണ് അമരീന്ദർ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവരും പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളേയും തുടർന്ന് നിരവധി പേർ തനിക്കൊപ്പം എത്തുമെന്ന് തന്നെയാണ് അമരീന്ദറിന്റെ പ്രതീക്ഷ.

ടിക്കറ്റ് വിതരണത്തോടെ കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചില ജനപ്രിയ നേതാക്കളും മുതിർന്ന നേതാക്കളും പുറത്തായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരെ പാർട്ടിയിലെത്തിക്കുകയാണ് ക്യാപ്റ്റന്റെ ലക്ഷ്യം, അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം അമരീന്ദറിന്റെ നീക്കങ്ങളെ വളരെ ജാഗ്രതയോടെയാണ് കോൺഗ്രസ് നോക്കി കാണുന്നത്. ടിക്കറ്റ് വിതരണത്തിൽ പരമാവധി തർക്കങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം
സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസത്തിന് കാരണം ഇതാണ്. അമരീന്ദറിന്റെ പാർട്ടി പ്രഖ്ാപനത്തോടെ അതൃപ്തിയുള്ള നേതാക്കൾക്ക് ആം ആദ്മി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളെ കൂടാതെ മറ്റൊരു സാധ്യത കൂടിയാണ് ഉണ്ടായിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ മുതിർന്ന നേതാക്കൾക്കിടയിൽ ഇതിനോടകം തന്നെ കടുത്ത അതൃപ്തികൾ ഉണ്ട്. എന്നാൽ ഈ നേതാക്കൾ തങ്ങളുടെ അടുത്ത നീക്കം തീരുമാനിക്കുന്നതിന് മുമ്പ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയ്ക്കായി കാത്തിരിക്കുകയാണെന്നാണ് സൂചന.
കോൺഗ്രസിൽ നിന്നുള്ള നേതാക്കളെ മാത്രമല്ല, ഇപ്പോൾ കേന്ദ്രസർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ ശക്തമായ പ്രതിഷേധം നയിക്കുന്ന കർഷക നേതാക്കളുമായും അമരീന്ദർ ചർച്ച നടത്തുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. ഇവർ പാർട്ടിയിൽ ചേർന്നാൽ അത് തിരഞ്ഞെടുപ്പിന് മുൻപ് അമരീന്ദറിനെ സംബന്ധിച്ച് വലിയ ബൂസ്റ്റായിരിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications