കെജ്രിവാളിന്റെ ദളിത് സ്‌നേഹം വ്യാജം, ആപ്പിന് ഖലിസ്ഥാനി ബന്ധം; അംബേദ്കര്‍ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധം
ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാരിനും ആം ആദ്മി പാര്‍ട്ടിയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം. റിപ്പബ്ലിക് ദിനമായ ജനുവരി 26 നാണ് പഞ്ചാബിലെ അമൃത്സറില്‍ 33 അടി ഉയരമുള്ള അംബേദ്കറുടെ പ്രതിമ പട്ടാപ്പകല്‍ നശിപ്പിക്കപ്പെട്ടത്. ഒരു പൊലീസ് സ്റ്റേഷന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അജ്ഞാതരായ ഒരു സംഘമാളുകള്‍ ചുറ്റിക ഉപയോഗിച്ചാണ് അംബേദ്കറുടെ പ്രതിമ തകര്‍ത്തത്.
ഈ സംഭവത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അപലപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തുന്നത്. ദളിക് സമുദായത്തിന് നേര്‍ക്കുള്ള ആക്രമണമാണിത് എന്ന് ബിജെപി കുറ്റപ്പെടുത്തി. ബിജെപി വക്താവ് സംബിത് പത്ര ഈ നടപടിയെ 'ഹൃദയഭേദകം' എന്നാണ് വിശേഷിപ്പിച്ചത്. പഞ്ചാബ് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

ആം ആദ്മി പാര്‍ട്ടി ദളിത് പ്രാതിനിധ്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കെജ്രിവാള്‍ ദളിത് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുന്‍കാല സംഭവങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം ആരോപിച്ചു. ദളിതുകളെ പിന്തുണയ്ക്കുന്നുവെന്ന എഎപിയുടെ അവകാശവാദങ്ങളെ ബിജെപി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയും മറ്റ് പാര്‍ട്ടി നേതാക്കളും കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ടു.
കെജ്രിവാള്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയിലെ കെജ്രിവാളിന്റെ വസതിക്ക് സമീപം ബിജെപി പ്രതിഷേധ പ്രകടനം നടത്തി. പൊലീസിന്റെ ഭാഗത്ത് നിന്ന് അശ്രദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത് എന്നും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഹതാപം നേടുന്നതിനായി കെജ്രിവാള്‍ തനിക്കെതിരെ ആക്രമണം നടത്താന്‍ പോലും ശ്രമിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.
സംഭവത്തില്‍ മറ്റ് രാഷ്ട്രീയ കോണുകളില്‍ നിന്നും നിശിത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എംപി ഗുര്‍ജീത് സിംഗ് ഔജ്ലയും മുതിര്‍ന്ന നേതാവ് രാജ് കുമാര്‍ വെര്‍ക്കയും ഉള്‍പ്പെടെയുള്ള പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് നീതിയുടെയും സമത്വത്തിന്റെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
പഞ്ചാബിലെ എഎപി സര്‍ക്കാരിനെതിരെ എല്ലാ ഭാഗത്തുനിന്നും വിമര്‍ശനം ഉയരുകയാണ്. സര്‍ക്കാര്‍ പ്രതിമ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ദളിത് സമൂഹത്തോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെയും വിമര്‍ശകര്‍ ചോദ്യം ചെയ്തു. സംഭവം നിരവധി ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള നടപടിയും സംസ്ഥാനത്തുടനീളമുള്ള അംബേദ്കറുടെ എല്ലാ പ്രതിമകള്‍ക്കും സംരക്ഷണമൊരുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
എഎപിക്ക് ഖാലിസ്ഥാനി ഘടകങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും കെജ്രിവാളിനെ വിമര്‍ശിച്ചു. മുന്‍ എഎപി അംഗവും പ്രശസ്ത കവിയുമായ കുമാര്‍ വിശ്വാസും നേരത്തെ അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചിരുന്നു.
അംബേദ്കറുടെ പ്രതിമ അവഹേളിക്കപ്പെട്ടത് വലിയ രാഷ്ട്രീയ വിഷയമാണ് മാറിയിരിക്കുന്നു. ക്രമസമാധാനത്തോടുള്ള എഎപിയുടെ പ്രതിബദ്ധതയെയും ദളിതുകളോടുള്ള സമീപനത്തെയും പ്രതിപക്ഷം നിരന്തരം ചോദ്യം ചെയ്യുന്നതിനാല്‍, വിവാദം ഉടനടി അവസാനിക്കാന്‍ സാധ്യതയില്ല. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമായി തുടരുകയാണ്.












Click it and Unblock the Notifications