ലോക്‌സഭയില്‍ 272 സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയുടെ പ്ലാന്‍ ബി എന്താണ്? അമിത് ഷായുടെ മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ബിജെപിക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എന്തായിരിക്കും പ്ലാന്‍ ബി എന്ന ചോദ്യത്തിന് ഉത്തരം നല്‍കി അമിത് ഷാ. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാതിരിക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. അതുകൊണ്ട് പ്ലാന്‍ ബിയുടെ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 272 സീറ്റില്‍ താഴെ ബിജെപി നേടാന്‍ യാതൊരു സാധ്യതയുമില്ല.
ഉറപ്പായും ഭൂരിപക്ഷം നേടും. അത്തരം സാധ്യതകള്‍ ഒന്നുമില്ല. കാരണം സര്‍ക്കാരിന്റെ പദ്ധതിയുടെ ഗുണഭോക്താക്കളായ 60 കോടി വരുന്ന വലിയൊരു സൈന്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുണ്ട്. അവര്‍ക്ക് പ്രായമോ ജാതിയോ ഒന്നുമില്ല. സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭിച്ചവര്‍ക്ക് നരേന്ദ്ര മോദി ആരാണെന്ന് അറിയാം, എന്തുകൊണ്ട് 400 സീറ്റ് നേടണമെന്നും അവര്‍ക്കറിയാമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ പ്ലാന്‍ എ തന്നെ വിജയിച്ചിരിക്കുകയാണ്. പ്ലാന്‍ എയ്ക്ക് 60 ശതമാനത്തില്‍ താഴെ മാത്രം വിജയസാധ്യത ഉണ്ടെങ്കില്‍ മാത്രമേ പ്ലാന്‍ ബിയെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്ന് തനിക്ക് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു. പട്ടികജാതി-പട്ടിക വര്‍ഗം, ഒബിസി സംവരണങ്ങളെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നയാളാണ് മോദി.
ഉത്തരേന്ത്യ-ദക്ഷിണേന്ത്യ കോണ്‍ഗ്രസ് പ്രചാരണം വിജയിക്കില്ല. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെല്ലാം ചേര്‍ത്താല്‍ സീറ്റുകളുടെ കാര്യത്തില്‍ ഏറ്റവും വലിയ പാര്‍ട്ടി ബിജെപിയായിരിക്കുമെന്നും അമിത് ഷാ പ്രവചിച്ചു. ഏതെങ്കിലും ഒരാള്‍ ഇതൊരു പ്രത്യേക രാജ്യമാണെന്ന് പറഞ്ഞാല്‍ അത് തീര്‍ത്തും എതിര്‍ക്കേണ്ട കാര്യമാണ്.
രാജ്യം ഒരിക്കലും വിഭജിക്കപ്പെടില്ല. കോണ്‍ഗ്രസിലെ ഉന്നതനായ നേതാവ് ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും വിഭജിക്കുന്ന കാര്യം സംസാരിച്ചു. കോണ്‍ഗ്രസ് അതിനെ നിഷേധിക്കുകയോ ആ പരാമര്‍ശത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഈ രാജ്യത്തെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ അജണ്ടയെ കുറിച്ച് ചിന്തിക്കേണ്ടത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കൂടി ലഭിക്കുന്ന സീറ്റുകള്‍ ചേരുമ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ഈ തിരഞ്ഞെടുപ്പില്‍ മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ സ്ഥിരത കൊണ്ടുവരാന്‍ 400 സീറ്റില്‍ അധികം ആവശ്യമാണ്.
ബിജെപിക്ക് ഭരണഘടന മാറ്റാനാണെങ്കില്‍ നേരത്തെ സാധിക്കുമായിരുന്നു. നേരത്തെ തന്നെ ഭൂരിപക്ഷം ഒപ്പമുണ്ടായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. 400 സീറ്റ് ലോക്‌സഭയില്‍ ലഭിച്ചാല്‍ നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനാവും. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനാവും. അതിലൂടെ പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications