അമൃത് ഭാരത് എക്‌സ്പ്രസ് വരുന്നു; ആദ്യ സർവീസ് അയോധ്യയിലേക്ക്, കുറഞ്ഞ നിരക്കിൽ കൂടുതൽ സൗകര്യങ്ങൾ...
ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോധ്യ-ദർഭംഗ റൂട്ടിലാണ് ഓടുകയെന്നാണ് റിപ്പോർട്ടുകൾ. ഈ സെമി-ഹൈ സ്‌പീഡ് ട്രെയിനിൽ സാധാരണ ട്രെയിനിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. അത്യാധിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന നോൺഎസി ട്രെയിനാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30ന് ഇത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാമത്തേത് മാൾഡ-ബെംഗളൂരു റൂട്ടിലാണ് ഓടുക. രാജധാനി, ശതാബ്‌ദി ട്രെയിനുകൾക്ക് സമാനമായി മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാവും ഇതിന്റെ സർവീസ്.

രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങൾക്കും ആധുനിക ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് എക്‌സ്പ്രസ് റെയിൽവേ അവതരിപ്പിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ എൽഎച്ച്ബി മോഡലിലാണ് ഈ ട്രെയിനിന്റെ ബോഗികൾ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
22 ബോഗികളുള്ള ഈ ട്രെയിനിൽ എസി കോച്ചുകൾക്ക് പകരം സാധാരണ കോച്ചുകളാണ് ഉണ്ടാവുക. സിസിടിവി ക്യാമറകൾ, ആധുനിക രീതിയിലുള്ള ശുചിമുറികൾ, ബോഗികളിൽ സെൻസർ വാട്ടർ ടാപ്പുകൾ, മെട്രോയുടെ മാതൃകയിൽ അനൗൺസ്മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതിൽ സജ്ജീകരിച്ചിട്ടുണ്ട്.
അന്ത്യോദയ എക്‌സ്‌പ്രസ്, ജൻ സാധരൻ എക്‌സ്പ്രസ്, ഹൈബ്രിഡ് ഐസിഎഫ്-എൽഎച്ച്ബി കോച്ചുള്ള ട്രെയിനുകൾക്ക് പകരമായി ദീർഘദൂര യാത്രയ്‌ക്കായി സ്ലീപ്പർ, ജനറൽ കോച്ചുകളുള്ള നോൺ എസി അമൃത് ഭാരത് എക്‌സ്പ്രസ് അവതരിപ്പിക്കാനുള്ള പദ്ധതി ഇന്ത്യൻ റെയിൽവേ കുറച്ചായി ആസൂത്രണം ചെയ്യുകയാണ്.
അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5 പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും, 2 അമൃത് ഭാരത് എക്‌സ്പ്രസും ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ പുതുതായി നിർമിച്ച അയോധ്യ വിമാനത്താവളവും അയോധ്യ റെയിൽവേ സ്‌റ്റേഷനും ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങിന് ശേഷം വമ്പൻ റോഡ്ഷോ നടത്താനും പദ്ധതിയുണ്ട്.
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഏകദേശം 15 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. റോഡ് ഷോ ദേശീയപാത 27 വഴി, ധരം പാത, ലതാ മങ്കേഷ്‌കർ ചൗക്ക്, രാം പാത, തേധി ബസാർ, മൊഹാബ്ര ഇന്റർസെക്ഷൻ വഴി അയോധ്യ റെയിൽവേ സ്‌റ്റേഷനിലേക്കാവും പോവുക.












Click it and Unblock the Notifications