ആന്ധ്ര തിരഞ്ഞെടുപ്പ്: ചന്ദ്രബാബു നായിഡുവിന് 931 കോടിയുടെ ആസ്തി; ബാലകൃഷ്ണയുടെ ആസ്തിയും ചില്ലറയല്ല
ആന്ധ്രപ്രദേശില്‍ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് നടക്കുന്നത്. വിവിധ നേതാക്കള്‍ നാമനിര്‍ദേശ പത്രിക കഴിഞ്ഞ ദിവസങ്ങളിലായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലൂടെ സ്വത്തു വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന്‍ ബാലകൃഷ്ണയുടെയും ചന്ദ്രബാബു നായിഡുവിന്റെയും അടക്കം സ്വത്തുവിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
തെലുങ്ക് ദേശം പാര്‍ട്ടിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് 931 കോടിയുടെ ആസ്തിയാണ് ഉള്ളത്. വിജയനഗരം ജില്ലയിലെ നെല്ലിമര്‍ലയില്‍ നിന്ന് മത്സരിക്കുന്ന ലോകം മാധവിക്ക് 894.92 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഇവരൊരു പ്രവാസി കൂടിയാണ്.

ടിഡിപിയുടെ നേതാവും സൂപ്പര്‍ താരമായ നന്ദമുരി ബാലകൃഷ്ണയുടെ ആസ്തിയും അമ്പരപ്പിക്കുന്നതാണ്. ഹിന്ദുപൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ബാലകൃഷ്ണ മത്സരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും എംഎല്‍എയാകാനാണ് അദ്ദേഹം ഒരുങ്ങുന്നത്. 424 കോടിയുടെ ആസ്തിയാണ് ബാലകൃഷ്ണയ്ക്കുള്ളത്. 13.19 കോടിയാണ് അദ്ദേഹത്തിന്റെ മൊത്തം ബാധ്യത. ബാലകൃഷ്ണയ്‌ക്കെതിരെ ക്രിമിനല്‍ കേസുകളൊന്നും നിലവില്‍ ഇല്ല.
വൈഎസ്ആര്‍ കോണ്‍ഗ്രസിലെ പി രാമചന്ദ്ര റെഡ്ഡിയും കോടീശ്വരനാണ്. ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് അദ്ദേഹം. നിലവില്‍ മന്ത്രിയുമാണ് റെഡ്ഡി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മൊത്തം ആസ്തി 236 കോടി രൂപയാണ്. 53 കോടിയാണ് അദ്ദേഹത്തിന്റെ ബാധ്യത. നിലവില്‍ കേസുകളൊന്നും അദ്ദേഹത്തിനെതിരെ ഇല്ല.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷയാണ് ദഗുബട്ടി പുരന്ധേശ്വരി. ഇവര്‍ രാജമുണ്ഡ്രിയില്‍ നിന്നാണ് മത്സരിക്കുന്നത്. 61.44 കോടിയാണ് ഇവരുടെയും ഭര്‍ത്താവിന്റെയും മൊത്തം ആസ്തി. ആറ് കോടിയില്‍ അധികമാണ് പുരന്ധേശ്വരിയുടെ ആസ്തി. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഗുഡുരി ശ്രീനിവാസിനെതിരെയാണ് അവര്‍ മത്സരിക്കുന്നത്. ഒരു ക്രിമിനല്‍ കേസാണ് അവര്‍ക്കെതിരെയുള്ളത്.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ബുട്ട രേണുക അറിയപ്പെടുന്ന സ്ഥാനാര്‍ത്ഥിയാണ്. യെമിഗനൂരില്‍ നിന്നാണ് അവര്‍ മത്സരിക്കുന്നത്. 161 കോടിയാണ് ഇവരുടെ കുടുംബത്തിന്റെ ആസ്തി. ഏഴരക്കോടിയാണ് മൊത്തം ബാധ്യത. രണ്ട് ക്രിമിനല്‍ കേസുകളും അവര്‍ക്കെതിരെയുണ്ട്.
കഡപ്പയില്‍ നിന്ന് രണ്ട് തവണ വിജയിച്ച നേതാവാണ് വൈഎസ് അവിനാശ് റെഡ്ഡി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുത്ത ബന്ധുവാണ് അദ്ദേഹം. 40,43 കോടിയാണ് അവിനാശിന്റെ ആസ്തി. 11 കോടിയില്‍ അധികം രൂപയുടെ ബാധ്യതയാണ് അദ്ദേഹത്തിനുള്ളത്. രണ്ട് കേസുകളും അദ്ദേഹത്തിനെതിരെയുണ്ട്.
ബിജെപിയുടെ പ്രശസ്തയായ സ്ഥാനാര്‍ത്ഥിയാണ് യലമഞ്ചിലി സത്യനാരായണ ചൗധരി. സുജന ചൗധരിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 22.52 കോടിയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആസ്തി. 2.40 ലക്ഷമാണ് അദ്ദേഹത്തിന്റെ ബാധ്യത. നിലവില്‍ നാല് ക്രിമിനല്‍ കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്.












Click it and Unblock the Notifications