Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാക്കളെ ചേർത്ത് പിടിച്ച് ആന്ധ്രാപ്രദേശ് സർക്കാർ; വിമാനത്താവള ഉദ്‌ഘാടനം പ്രമാണിച്ച് റീൽസ് മത്സരം

അമരാവതി: വിദ്യാർഥി പ്രക്ഷോഭം അടക്കം രാജ്യത്ത് യുവാക്കളുടെ ശബ്‌ദത്തിന് പ്രാധാന്യമേറുന്ന കാലഘട്ടമാണ് ഇത്. ഇപ്പോഴിതാ യുവാക്കളെ കൂടുതലായി ആകർഷിക്കാനും ആഘോഷങ്ങളുടെ ഭാഗമാക്കാനും നീക്കം തുടങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് സർക്കാർ. സംസ്ഥാനത്ത് പുതിയ വിമാനത്താവളമായ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര എയർപോർട്ടിന്റെ ഉദ്‌ഘാടനം ജനകീയ ആഘോഷമാക്കി മാറ്റുന്നതിനായാണ് സർക്കാർ സംസ്ഥാനത്തെ കണ്ടന്റ് ക്രിയേറ്റർമാർക്കും പൊതുജനങ്ങൾക്കുമായി 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ വിമാനത്താവളത്തിന്റെ പ്രാധാന്യവും ഉത്തര ആന്ധ്രയുടെ വികസന സാധ്യതകളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. ദശാബ്‌ദങ്ങളായുള്ള ഉത്തര ആന്ധ്രയുടെ സ്വപ്‌ന പദ്ധതിയായ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ജനപങ്കാളിത്തത്തോടെ ആഘോഷിക്കുന്നതിനൊപ്പം യുവാക്കളുടെ സർഗാത്മകതയും ഡിജിറ്റൽ കഴിവുകളും പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ആധുനിക സൗകര്യങ്ങളും മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് നൽകുന്ന പുതിയ അവസരങ്ങളും ആഗോളതലത്തിൽ പ്രചരിപ്പിക്കുകയെന്നതും മത്സരത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ്.

reels

മാനദണ്ഡങ്ങൾ എന്തൊക്കെ?

മത്സരത്തിൽ പങ്കെടുക്കുന്ന വീഡിയോകൾ കൃത്യമായി 30 സെക്കൻഡ് ദൈർഘ്യമുള്ളതായിരിക്കണം. അതിലധികം ദൈർഘ്യമുള്ള എൻട്രികൾ പരിഗണിക്കില്ല. പുതിയ വിമാനത്താവളത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ, ഉത്തര ആന്ധ്രയുടെ വികസന സ്വപ്‌നങ്ങൾ, പദ്ധതിയുടെ പൂർത്തീകരണത്തിലെ സന്തോഷം എന്നിവ പ്രമേയമാക്കി സൃഷ്‌ടിപരമായ രീതിയിൽ വീഡിയോ തയ്യാറാക്കണം. വ്യക്തിഗത സെൽഫി റീലുകളോ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഗ്രൂപ്പ് വീഡിയോകളോ സമർപ്പിക്കാവുന്നതാണ്.

പങ്കെടുക്കുന്നവർ ജൂലൈ 29-നകം റീലുകൾ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യണം. വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലായ @APOfficialNews ടാഗ് ചെയ്യുകയും #ASRInternationalAirport, #UttarandhrakalalakuRekkalu എന്നീ ഹാഷ്‌ടാഗുകൾ നിർബന്ധമായും ഉൾപ്പെടുത്തുകയും വേണം.

മത്സരത്തിനായി സംസ്ഥാന സർക്കാർ നിയോഗിക്കുന്ന പ്രത്യേക സമിതിയാണ് എൻട്രികൾ വിലയിരുത്തുക. സന്ദേശത്തിന്റെ വ്യക്തത, പ്രേക്ഷകരിൽ ഉണ്ടാക്കുന്ന സ്വാധീനം, ഇൻസ്‌റ്റഗ്രാമിൽ ലഭിക്കുന്ന ലൈക്കുകൾ, വ്യൂസ്, ഷെയറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മികച്ച അഞ്ച് റീലുകൾ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കണ്ടന്റ് ക്രിയേറ്റർമാരെ ആന്ധ്രാപ്രദേശ് സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആകർഷകമായ സമ്മാനങ്ങൾ നൽകി ആദരിക്കും.

ഭോഗാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ ജനകീയ ആഘോഷമാക്കി മാറ്റുന്നതിനും ഉത്തര ആന്ധ്രയുടെ വികസന സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെമ്പാടും എത്തിക്കുന്നതിനുമുള്ള ശ്രദ്ധേയമായ ഡിജിറ്റൽ സംരംഭമായാണ് ഈ റീൽസ് മത്സരത്തെ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നത്. യുവാക്കളെ കൂടി ഉൾപ്പെടുത്തി ഇത്തരം പദ്ധതികൾ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

അതേസമയം, വിശാഖപട്ടണത്തിന് സമീപം വിജയനഗരം ജില്ലയിലെ ഭോഗാപുരത്ത് നിർമ്മിച്ചിരിക്കുന്ന അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓഗസ്‌റ്റ് 1-ന് നടക്കുന്ന ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+