'ലണ്ടൻ മരിച്ച സമ്പദ്‌വ്യവസ്ഥ, അവർ എവിടെ നിന്ന് പണം തരാനാണ്?'; വിജയ്‌യോട് ചോദ്യവുമായി അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നടത്തിയ ലണ്ടൻ സന്ദർശനത്തെ വിമർശിച്ച് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി യുകെയിലേക്ക് പോകുന്നത് ശരിയായ നടപടിയല്ലെന്നും, സംസ്ഥാന സർക്കാർ ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ഇപ്പോൾ 4.1 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയായപ്പോൾ യുകെയുടെ സമ്പദ്‌വ്യവസ്ഥ 3.4 ട്രില്യൺ യുഎസ് ഡോളറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇന്ന് ഇന്ത്യ 4.1 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാണ്, അതേസമയം യുകെയുടെ സമ്പദ്‌വ്യവസ്ഥ 3.4 ട്രില്യൺ യുഎസ് ഡോളറാണ്. ഇത്രയും വലിയൊരു സംഘവുമായി ഇവിടെ നിന്ന് ആ രാജ്യത്തേക്ക് പോകേണ്ടതെന്തിനാണ്? അവിടെ ഈ വ്യക്തിയെ കണ്ടോ, ആ വ്യക്തിയെ കണ്ടോ, അവർ അദ്ദേഹത്തെ കണ്ടോ, അകത്തേക്ക് പോയോ എന്നൊക്കെയുള്ള ചോദ്യങ്ങൾ എന്തിനാണ്? ഇതിന്റെ പ്രയോജനം എന്താണ്?' എന്ന് അദ്ദേഹം ചോദിച്ചു.

സെപ്റ്റംബർ 10 മുതൽ വിജയ് ആറ് ദിവസത്തെ ഔദ്യോഗിക യുകെ സന്ദർശനം നടത്തിയിരുന്നു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വ്യവസായ, മോട്ടോർസ്പോർട്‌സ് മേഖലകളിലെ സാധ്യതകൾ പരിശോധിക്കുന്നതിനുമായി സംസ്ഥാന പ്രതിനിധി സംഘത്തെയും അദ്ദേഹം നയിച്ചു. ഈ സന്ദർശനത്തിലൂടെ ഏകദേശം 15,000 കോടി മൂല്യമുള്ള നിക്ഷേപ പ്രതിബദ്ധതകളും 10,000-ത്തിലധികം നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങളും ലഭിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു.
യുകെയിൽ പുതിയ നിക്ഷേപങ്ങൾക്ക് പരിമിതമായ സാധ്യത മാത്രമാണുള്ളതെന്നും ലണ്ടൻ ഒരു മരിച്ച സമ്പദ്‌വ്യവസ്ഥയാണെന്നും അണ്ണാമലൈ അവകാശപ്പെട്ടു. എനിക്ക് ലണ്ടനെ നന്നായി അറിയാം. അതൊരു മരിച്ച സമ്പദ്‌വ്യവസ്ഥയാണ്. അവിടെ പണമില്ല. യുകെയുടെ വളർച്ച വെറും 1 ശതമാനമാണ്. അവിടെ പോയി തമിഴ്‌നാട്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടാൽ അവർ ഏത് പണമാണ് നൽകുക?' അദ്ദേഹം ചോദിക്കുന്നു.
പകരം, വിജയ് തമിഴ്‌നാട്ടിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്‌ത് അവിടെയുള്ള ബിസിനസ് സമൂഹവുമായി നേരിട്ട് ചർച്ച നടത്തണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ചെന്നൈയിൽ നിന്ന് ലണ്ടനിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ പോകുന്നതിന് പകരം മുഖ്യമന്ത്രി ചെയ്യേണ്ടത് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കോ മധുരയിലേക്കോ ഇൻഡിഗോ വിമാനത്തിൽ പോകുകയാണ്' അണ്ണാമലൈ പറഞ്ഞു.
തമിഴ്‌നാട്ടിൽ ഇതിനകം പ്രവർത്തിക്കുന്ന കമ്പനികൾക്ക് നികുതി ഇളവുകൾ നൽകിക്കൊണ്ട് ഉൽപ്പാദനം വിപുലീകരിക്കാൻ പ്രോത്സാഹിപ്പിക്കാമെന്നും അദ്ദേഹം നിർദേശിച്ചു. ഇവിടെ ഇതിനകം പ്രവർത്തിക്കുന്ന വ്യവസായികളുമായി നമുക്ക് ഇരുന്ന് സംസാരിക്കാം. 'നിങ്ങൾ ഉൽപ്പാദന കേന്ദ്രം വിപുലീകരിച്ചാൽ, അടയ്ക്കേണ്ട നികുതിയുടെ 50 ശതമാനം നൽകേണ്ടതില്ല; ആ 50 ശതമാനം സർക്കാർ വഹിക്കും' എന്ന് അവരോട് പറയാം. അത് അവരെ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കും' അദ്ദേഹം പറഞ്ഞു.
മധുര, കോയമ്പത്തൂർ, കോവിൽപട്ടി എന്നിവയ്ക്കൊപ്പം മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രചാരണവുമായി പോകാമെന്നും അണ്ണാമലൈ പറഞ്ഞു. മധുരയിലേക്ക് പോയി മധുര ചേംബർ ഓഫ് കൊമേഴ്‌സുമായും വ്യവസായ മേഖലയിലുള്ളവരുമായും കൂടിക്കാഴ്‌ച നടത്തുക. കോയമ്പത്തൂരിലേക്ക് പോയി അവിടെയുള്ള ടെക്സ്റ്റൈൽ മില്ലുകൾ, ഓട്ടോമൊബൈൽ വ്യവസായം, ഫൗണ്ടറികൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക' അദ്ദേഹം പറഞ്ഞു.
അതേസമയം, വിജയ്‌യുടെ സന്ദർശനത്തെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്കിടയിലാണ് ഈ പരാമർശങ്ങൾ വന്നത്. പ്രത്യേകിച്ച് അജിത് കുമാറിനും നടി തൃഷയ്ക്കുമൊപ്പം സിൽവർസ്‌റ്റോണിൽ വിജയ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. തമിഴ്‌നാട്ടിൽ നിർദേശിച്ചിരിക്കുന്ന മോട്ടോർ സ്പോർട്‌സ് സിറ്റിയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി വിജയ് സിൽവർസ്‌റ്റോൺ മോട്ടോർ റേസിംഗ് സർക്യൂട്ടും സന്ദർശിച്ചിരുന്നു.


Click it and Unblock the Notifications
