ബീഹാറില്‍ തുടര്‍ക്കഥയായി പാലത്തിന്റെ തകര്‍ച്ച, അരാരിയക്ക് പിന്നാലെ സിവാനിലും പാലം തകര്‍ന്ന് വീണു
പട്‌ന: ബീഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണു. സിവാനിലെ ദരൂന്ത മേഖലയിലാണ് പാലം തകര്‍ന്ന് വീണിരിക്കുന്നത്. അരാരിയയില്‍ പാലം തകര്‍ന്ന് നാല് ദിവസം പിന്നിടുമ്പോഴാണ് ഇത്തരമൊരു അപകടം വീണ്ടും ഉണ്ടായിരിക്കുന്നത്. അതേസമയം ബീഹാറില്‍ പാലം തകര്‍ന്നുവീഴുന്നതും തുടര്‍ക്കഥയായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ച് പാലങ്ങളാണ് തകര്‍ന്ന് വീണിരിക്കുന്നത്.
രാംഗഡ പഞ്ചായത്തിലെ ദരൂന്ത ബ്ലോക്കില്‍ കനാലിന് കുറുകെയായിട്ടുള്ള നൂറ് മീറ്റര്‍ നീളം വരുന്ന പാലം ഒരറ്റത്ത് നിന്ന് തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് സിവാന്‍ ഭരണസമിതി പറഞ്ഞു. മുപ്പത് വര്‍ഷത്തെ പഴക്കമുള്ളതാണ് ഈ പാലം. അതേസമയം ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അടുത്തിടെ കനാല്‍ കുഴിച്ചപ്പോള്‍ പാലവുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച്് റോഡിന്റെ മതിലുകളും തൂണുകളും ദുര്‍ബലമായിരുന്നുവെന്ന് സിവാന്‍ ഭരണസമിതി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജൂണ്‍ പതിനെട്ടിനാണ് അരാരിയയിലെ സിക്തിയില്‍ 182 മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ നല്ലൊരു ഭാഗവും തകര്‍ന്നുവീണത്.
കേന്ദ്ര ഏജന്‍സി പന്ത്രണ്ട് കോടി ചെലവിട്ടാണ് ഈ പാലം പണിതത്. പണി പൂര്‍ത്തിയായ സമയത്ത് തന്നെയാണ് ഇത് തകര്‍ന്ന് വീണത്. ഉദ്ഘാടനത്തിന് മുമ്പായി ഈ പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ നിര്‍മിക്കേണ്ടതുണ്ടായിരുന്നു. അതിന് തൊട്ടുമുമ്പായിരുന്നു ഇവ തകര്‍ന്നത്.
മാര്‍ച്ച് 22നും സമാനമായ ദുരന്തമുണ്ടായിരുന്നു. സുപോളിലെ കോസി നദിക്ക് കുറുകെയായി നിര്‍മിച്ച് കൊണ്ടിരുന്ന പാലത്തിന്റെ മൂന്ന് സ്ലാബുകള്‍ തകര്‍ന്ന് വീണിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
10.5 കിലോമീറ്റര്‍ നീളമുള്ളതായിരുന്നു ഈ പാലം. 1200 കോടി രൂപ മുടക്കിയാണ് ഇവ നിര്‍മിച്ചിരുന്നത്. സുപോളിലെ ബകൂരിനും മധുബനിയിലെ ഭേജയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു ഈ പാലം. ബീഹാര്‍ സര്‍ക്കാരിന് വലിയ നാണക്കേടായി മാറിയിരുന്നു ഈ സംഭവം. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗംഗാ നദിക്ക് മുകളിലായി നിര്‍മിച്ച് കൊണ്ടിരുന്ന പാലവും ഇതുപോലെ തകര്‍ന്ന് വീണിരുന്നു.
ഈ പാലത്തിന്റെ മൂന്ന് തൂണുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണിത്. ഇതില്‍ ആര്‍ക്കും ആളപായമുണ്ടായിരുന്നില്ല. ഈ പാലത്തിന്റെ പണി ഈ വര്‍ഷം നവംബറില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ 2019ല്‍ പണി പൂര്‍ത്തിയാക്കേണ്ട പാലമാണ് നീണ്ടുപോയത്. 2022 ഏപ്രില്‍ ബാഗല്‍പൂരിലെ സുല്‍ത്താന്‍ഗഞ്ചിലെ പാലവും നിര്‍മാണത്തിരിക്കെ തകര്‍ന്ന് വീണിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നായിരുന്നു ഇവ നിലംപൊത്തിയത്.












Click it and Unblock the Notifications