ഛത്തീസ്‌ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; തലയ്ക്ക് 13 ലക്ഷം വിലയിട്ട രണ്ട് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു
റായ്‌പൂർ: ഛത്തീസ്ഗഡിലെ ബസ്‌തർ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രണ്ട് മാവോയിസ്‌റ്റുകളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മേഖലയിൽ മാവോയിസ്‌റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ. രണ്ട് പേർക്കും കൂടിയാണ് പതിമൂന്ന് ലക്ഷത്തിന്റെ ഇനാം പ്രഖ്യാപിച്ചിരുന്നത്.
കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം-ബർഗം ഗ്രാമങ്ങളിലെ വനത്തിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെട്ടപ്പോൾ വെടിവയ്പ്പ് നടന്നതെന്ന് ബസ്‌തർ റേഞ്ച് ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പി അറിയിച്ചു.

കൊണ്ടഗാവിൽ നിന്നുള്ള സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്‌തർ ഫൈറ്റേഴ്‌സ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനിൽ ഉൾപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ രണ്ട് മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങളും ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും സ്ഫോടകവസ്‌തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
മേഖലയിൽ കൂടുതൽ വിശാലമായ തിരച്ചിലുകൾ നടന്നുവരികയാണെന്നും സുന്ദർരാജ് അറിയിച്ചു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്‌റ്റുളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കിഴക്കൻ ബസ്‌തർ ഡിവിഷനിലെ അംഗവും മാവോയിസ്‌റ്റ് കമാൻഡറുമായ ഹൽദാർ, ഏരിയ കമ്മിറ്റി അംഗം റാമെ എന്നിവരാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ഹൽദാറിന്റെയും റാമെയുടെയും തലയ്ക്ക് യഥാക്രമം 8 ലക്ഷം രൂപയും 5 ലക്ഷം രൂപയും വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് കൂടുതൽ മാവോയിസ്‌റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നാണ് സുരക്ഷാ സേന ഇപ്പോൾ പരിശോധിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്തെ മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷൻ ശക്തമാണ്.
ഏറ്റവും പുതിയ സംഭവവികാസത്തോടെ ഈ വർഷം ഇതുവരെ സംസ്ഥാനത്ത് നടന്ന വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായി 140 മാവോയിസ്‌റ്റുകളെ വെടിവച്ചു കൊന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 123 പേരെ നാരായൺപൂർ, കൊണ്ടഗാവ് എന്നിവയുൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്‌തർ ഡിവിഷനിൽ നിന്നാണ് ഇല്ലാതാക്കിയത്.
'മാദ് ബച്ചാവോ അഭിയാൻ അഥവാ സേവ് മാദ് ക്യാംപയ്ൻ' എന്ന പേരിൽ സുരക്ഷാ സേന വൻ ഓപ്പറേഷനുകൾ നടത്തുകയും മാദിലും പരിസര പ്രദേശങ്ങളിലും നൂറിലധികം മാവോയിസ്‌റ്റുകളെ വധിക്കുകയും ചെയ്‌തിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് ഉടനീളം കാര്യമായ മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനുകളാണ് നടത്തി വരുന്നത്.












Click it and Unblock the Notifications