'ആദ്യ ബഹിരാകാശ യാത്രികൻ ഹനുമാൻ ജി'; പാഠപുസ്‌തകങ്ങൾക്ക് അപ്പുറം ചിന്തിക്കണമെന്ന് അനുരാഗ് താക്കൂർ, വിവാദം
ന്യൂഡൽഹി: ആദ്യ ബഹിരാകാശ യാത്രികൻ ഹനുമാൻ ആണെന്ന പ്രസ്‌താവനയുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ. ഹിമാചൽ പ്രദേശിലെ ഒരു സ്‌കൂൾ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ പാരമ്പര്യങ്ങളെക്കുറിച്ച് അറിയാൻ പാഠപുസ്‌തകങ്ങൾക്കപ്പുറം ചിന്തിക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
'പവൻസുത് ഹനുമാൻ ജി... ആദ്യ ബഹിരാകാശ സഞ്ചാരി' തന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചുകൊണ്ട് ഹമീർപൂർ എംപി ഇങ്ങനെ കുറിച്ചു. പ്രസംഗത്തിനിടെ താക്കൂർ വിദ്യാർത്ഥികളോട് ബഹിരാകാശത്ത് യാത്ര ചെയ്‌ത ആദ്യത്തെയാൾ ആരായിരുന്നു? എന്ന് ചോദിക്കുന്നതും കേൾക്കാമായിരുന്നു.

ഒരു നിമിഷത്തെ നിശബ്‌ദതയ്ക്ക് ശേഷം താക്കൂർ സ്വയം മറുപടി നൽകുകയായിരുന്നു. 'എനിക്ക് തോന്നുന്നത് അത് ഹനുമാൻ ആയിരുന്നു എന്നാണ്'. മുൻ കേന്ദ്രമന്ത്രിയുടെ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. അദ്ദേഹത്തിന്റെ എക്‌സ് പോസ്‌റ്റിൽ ഉൾപ്പെടെ നിരവധി പേർ പരിഹാസ കമന്റുമായി രംഗത്ത് വന്നിരുന്നു.
'നമ്മൾ ഇപ്പോഴും നമ്മളെത്തന്നെ വർത്തമാനകാലത്തിൽ കാണുന്നു. ആയിരക്കണക്കിന് വർഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യവും, അറിവും, സംസ്‌കാരവും നമ്മൾ അറിയാത്തിടത്തോളം കാലം ബ്രിട്ടീഷുകാർ നമ്മളെ പഠിപ്പിച്ചതുപോലെ തന്നെ നമ്മൾ തുടരും' എന്നായിരുന്നു അഞ്ചുതവണ പാർലമെന്റംഗമായ അനുരാഗ് താക്കൂർ പ്രസംഗത്തിനിടെ പറഞ്ഞത്.
വിദ്യാർത്ഥികൾ പാഠപുസ്‌തകങ്ങൾക്കപ്പുറം ചിന്തിക്കാനും, നമ്മുടെ രാഷ്ട്രം, നമ്മുടെ പാരമ്പര്യങ്ങൾ, നമ്മുടെ അറിവ് എന്നിവയിൽ ശ്രദ്ധിക്കാനും അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. ആ ദിശയിൽ നോക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും' മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ ഇതിന് പിന്നാലെ പല കോണുകളിൽ നിന്ന് വിമർശനം ശക്തമാണ്. പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ വ്യക്തി സ്‌കൂൾ കുട്ടികളോട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത് നീൽ ആംസ്ട്രോങ്ങല്ല, ഹനുമാനാണെന്ന് വാദിക്കുന്നത് വളരെയധികം അസ്വസ്ഥത സൃഷ്‌ടിക്കുന്നു. ശാസ്ത്രം പുരാണമല്ല; എന്നായിരുന്നു ഡിഎംകെ എംപി കനിമൊഴി പറഞ്ഞത്.
സോവിയറ്റ് യൂണിനിൽ നിന്നുള്ള യൂറി ഗഗാറിനാണ് ആദ്യ ബഹിരാകാശ സഞ്ചാരി. 1961ലാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ യാത്ര നടന്നത്. 108 മിനിറ്റ് നീണ്ട ചരിത്രപരമായ ദൗത്യത്തിൽ അദ്ദേഹം ഭൂമിയെ ഒരുതവണ വലംവെച്ചിരുന്നു. കൂടാതെ ചന്ദ്രനിൽ ആദ്യമായി കാലുകുത്തുന്ന വ്യക്തിയാണ് നീൽ ആംസ്‌ട്രോങ്.
ഇന്ത്യയിൽ നിന്നും ആദ്യം ബഹിരാകാശത്ത് കാലുകുത്തിയ വ്യക്തി രാകേശ് ശർമ്മയാണ്. 1984 ഏപ്രിൽ 2നാണ് അദ്ദേഹം ബഹിരാകാശത്ത് എത്തിയത്. ഇതിന് ശേഷം അടുത്ത ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്താൻ 41 വർഷം കാത്തിരിക്കേണ്ടി വന്നു. ശുഭാൻഷു ശുക്ലയാണ് ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരൻ.












Click it and Unblock the Notifications