'എന്തും സംഭവിക്കാം, ഈ സർക്കാർ 15 ദിവസമെങ്കിലും നിലനിൽക്കുമോ എന്ന് ആർക്കറിയാം'; മമത ബാനർജി
ന്യൂഡൽഹി: കേന്ദ്രത്തിൽ ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബംഗാളിൽ ബിജെപിയെ തകർത്തെറിഞ്ഞ മമതയുടെ ടിഎംസി വൻ കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് മമത ബാനർജി കേന്ദ്രത്തിൽ ഇന്ത്യ സഖ്യം ഭരണത്തിലേറാനുള്ള സാധ്യതകൾ തള്ളാതെ രംഗത്ത് വന്നത്.
ചിലപ്പോഴൊക്കെ സർക്കാരുകളുടെ ആയുസ് കേവലം ഒരു ദിവസം മാത്രമായി മാറാറുണ്ടെന്നും മമത ബാനർജി മുന്നറിയിപ്പ് നൽകി. തൃണമൂൽ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മമത. നാളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് ഏറ്റെടുക്കാനിരിക്കെയാണ് മമതയുടെ വെല്ലുവിളി.

നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് മമത അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും സർക്കാർ രൂപീകരിക്കുന്നതിനാൽ തന്റെ പാർട്ടി ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അവർ അറിയിച്ചത്.
'400 സീറ്റുകൾ പറഞ്ഞവർക്ക് സ്വന്തമായി കേവല ഭൂരിപക്ഷം പോലും നേടാനായില്ല. ഇന്ത്യ മുന്നണി അവകാശവാദം ഉന്നയിക്കാത്തതിനാൽ ഒന്നും സംഭവിക്കില്ലെന്ന് കരുതരുത്. ഞങ്ങൾ കാത്തിരിക്കുകയാണ്. ആത്യന്തികമായി, ഇത് ഒരു പുതിയ സർക്കാരായിരിക്കും, പക്ഷേ അവർ കുറച്ച് ദിവസത്തേക്ക് അങ്ങനെയിരിക്കട്ടെ ... എന്തും സംഭവിക്കാം, ഈ സർക്കാർ 15 ദിവസമെങ്കിലും നിലനിൽക്കുമെന്ന് ആർക്കറിയാം?' മമത മുന്നറിയിപ്പ് നൽകി.
കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ സാധ്യതകൾ പൂർണമായും തള്ളാതെയാണ് മമത തന്റെ പ്രസ്‌താവന തുടർന്നതെന്നാണ് ശ്രദ്ധേയമായ കാര്യം. നിലവിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത ബിജെപി മുന്നണിയുടെ കെട്ടുറപ്പിനായി ടിഡിപിയെയും ജെഡിയുവിനേയും പിണക്കാതെ മുന്നോട്ട് പോവുകയാണ്.
കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ സഖ്യകക്ഷികളുടെ ശക്തമായ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യസഖ്യത്തിന് 232 ലോക്‌സഭാ സീറ്റുകൾ നേടാൻ കഴിഞ്ഞു. പാർലമെന്റിലെ നാലാമത്തെ വലിയ കക്ഷിയാണ് തൃണമൂൽ, ആദ്യ അഞ്ചിൽ നാല് ഇന്ത്യ മുന്നണി അംഗങ്ങളാണ് ഉള്ളത്. എന്നാൽ ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യയിൽ നിന്ന് അകലെയാണ് ഇപ്പോഴും മുന്നണി.
എങ്കിലും മമതയുടെ പ്രസ്‌താവന പുതിയ സംശയങ്ങൾക്ക് ഇട നൽകുന്നതാണ്. നിലവിൽ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ബലത്തിലാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലിരിക്കുന്നത്. ഇടയ്ക്ക് നിതീഷിന് പ്രധാനമന്ത്രി പദം വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഇന്ത്യ സഖ്യം നീക്കങ്ങൾ ആരംഭിച്ചു എന്ന വാർത്തകൾ വന്നെങ്കിലും അതൊന്നും മുന്നോട്ട് പോയിരുന്നില്ല. ഇനി എന്താവും സഖ്യത്തിന്റെ അടുത്ത നീക്കമെന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications