'ആർട്ടിക്കിൾ 370ന് കാശ്‌മീരിൽ സ്ഥാനമില്ല, ഒരിക്കലും പുനസ്ഥാപിക്കില്ല'; തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ
ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മേഖലയിലെ പ്രാദേശിക കക്ഷികളുടെ വാഗ്‌ദാനങ്ങൾ പൂർണമായും തള്ളി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദമായ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കില്ലെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജമ്മു കാശ്‌മീരിലെ പ്രധാന പ്രാദേശിക പാർട്ടികളായ നാഷണൽ കോൺഫറൻസും പിഡിപിയും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന വാഗ്‌ദാനം മുന്നോട്ട് വച്ചതിന് പിന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഭിപ്രായ പ്രകടനം. ഇരുപാർട്ടികളും സമാനമായ രീതിയിൽ കാശ്‌മീരിന് പ്രത്യേക പദവി തിരികെ നൽകുമെന്ന വാഗ്‌ദാനം മുൻനിർത്തിയാണ് പ്രചരണം നടത്തുന്നത്.

ആർട്ടിക്കിൾ 370ന് ജമ്മു കാശ്‌മീരിൽ ഒരു സ്ഥാനവും ഇല്ലെന്നാണ് അമിത് ഷാ പറയുന്നത്. 'ആർട്ടിക്കിൾ 370 ന് ഇപ്പോൾ ആയാലും അപ്പോൾ ആയാലും ജമ്മു കാശ്‌മീരിൽ ഒരു സ്ഥാനമില്ല. അത് ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ല' ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‌പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അമിത് ഷാ വ്യക്തമാക്കി.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കലും ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവിയും 2000ൽ മുൻ നിയമസഭ പാസാക്കിയ സ്വയംഭരണ പ്രമേയം നടപ്പാക്കലും ഉൾപ്പെടെയുള്ളവ നാഷണൽ കോൺഫറൻസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇടം പിടിച്ച 12 പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ അഭിപ്രായപ്രകടനം.
2000 ജൂണിൽ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് സർക്കാർ ജമ്മു കാശ്‌മീർ അസംബ്ലിയിൽ 1953ന് മുമ്പുള്ള ഭരണഘടനാ സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഈ ആവശ്യം അന്നത്തെ വാജ്പേയി സർക്കാർ നിരാകരിക്കുകയായിരുന്നു.
പിന്നീട് ആർട്ടിക്കിൾ 370 2019 ഓഗസ്‌റ്റ് 5നാണ് നരേന്ദ്ര മോദി സർക്കാർ റദ്ദാക്കിയത്. സംസ്ഥാനത്തെ ജമ്മു കാശ്‌മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തിരുന്നു. ഇത് പ്രാദേശിക പാർട്ടികളുടെയും രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികളുടെയും വലിയ പ്രതിഷേധത്തിനും എതിർപ്പുകൾക്കും ഇടയാക്കിയിരുന്നു.
അതേസമയം, ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയതിന് അമിത് ഷാ കോൺഗ്രസിനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. അധികാരത്തിനായുള്ള അത്യാർത്തിയിൽ പാർട്ടി രാജ്യത്തിന്റെ ഐക്യവും സുരക്ഷയും അപകടത്തിൽ ആക്കുകയാണ് എന്നായിരുന്നു അമിത് ഷായുടെ ആരോപണം.












Click it and Unblock the Notifications