ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുക രമേഷ് ബിധുരിയെന്ന് കെജ്രിവാൾ; തിരിച്ചടിച്ച് ബിജെപി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വിമർശനം കടുപ്പിച്ച് എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. പരാജയം ഭയന്ന് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെന്നാണ് കെജ്രിവാൾ പറയുന്നത്. വിവാദ പരാമർശങ്ങളിലൂടെ പ്രശസ്‌തനായ സൗത്ത് ഡൽഹി മുൻ എംപി രമേഷ് ബിധുരിയുടെ പേര് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അന്തിമമാക്കിയെന്നും കെജ്രിവാൾ ആരോപിച്ചു.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിധുരിക്ക് ടിക്കറ്റ് നിഷേധിക്കപെട്ടിരുന്നു. മുഖ്യമന്ത്രി അതിഷിക്കെതിരെ കൽക്കാജി മണ്ഡലത്തിൽ നിന്ന് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിധുരി മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് അരവിന്ദ് കെജ്രിവാൾ ബിജെപിക്കെതിരെ കടുത്ത വിമർശനങ്ങൾ അഴിച്ചുവിടുന്നത്.

എന്നാൽ ഇതിന് മറുപടിയുമായി ബിജെപി രംഗത്ത് വന്നു. കെജ്രിവാളിന്റെ ജാമ്യാപേക്ഷ അദ്ദേഹത്തെ മുഖ്യമന്ത്രിയാകുന്നതിൽ നിന്ന് തടയുമെന്നും പാർട്ടിക്ക് ഏതെങ്കിലും മുഖം ആവശ്യമില്ലെന്നും കാരണം അതിന്റെ ചിഹ്നമായ താമര മതിയെന്നും ബിജെപി പറഞ്ഞു. ഇരു പാർട്ടികളും തമ്മിലാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമായും മത്സരം നടക്കുന്നത്.
'ഡൽഹിയിൽ ഞാനായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് എഎപിക്ക് തുടക്കം മുതൽ തന്നെ വ്യക്തതയുണ്ടായിരുന്നു. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെ യോഗം ചേർന്ന് രമേഷ് ബിധുരിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി ചില വൃത്തങ്ങൾ അറിയിച്ചു. ഒന്നോ രണ്ടോ ദിവസത്തിനകം പേര് പ്രഖ്യാപിക്കും' കെജ്രിവാൾ പറഞ്ഞു.
'ഞാൻ മിസ്‌റ്റർ ബിധുരിയെ അഭിനന്ദിക്കുകയാണ്. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി കഴിഞ്ഞ പത്തുവർഷമായി എംപി എന്ന നിലയിൽ അദ്ദേഹം ചെയ്‌ത പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങളോട് പറയാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഡൽഹിക്കും ഡൽഹിയിലെ ജനങ്ങൾക്കും വേണ്ടിയുള്ള തന്റെ ഭാവി കാഴ്‌ചപ്പാടും അദ്ദേഹം വെളിപ്പെടുത്തട്ടെ' അരവിന്ദ് കെജ്രിവാൾ പറയുന്നു.
നേരത്തെ ലോക്‌സഭയിൽ ബിഎസ്‌പി എംപി ഡാനിഷ് അലിക്കെതിരെ വർഗീയ പരാമർശം നടത്തി വാർത്തകളിൽ ഇടംനേടിയ വ്യക്തിയായിരുന്നു രമേഷ് ബിധുരി. ഇതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് ബിധുരിയുടെ വാക്കുകൾ വഴിയൊരുക്കിയിരുന്നു. അടുത്തിടെ പ്രിയങ്ക ഗാന്ധിക്കെതിരെയും ബിധുരി മോശം പരാമർശം നടത്തിയിരുന്നു.
പ്രിയങ്കയുടെ കവിളുകൾ പോലെയുള്ള റോഡുകൾ ഉണ്ടാക്കുമെന്നായിരുന്നു പരാമർശം. ഇതും ദേശീയ തലത്തിൽ വിവാദമായിരുന്നു. ഇതും ദേശീയ തലത്തിൽ വിവാദമായിരുന്നു. അതിഷിയുടെ പേരുമാറ്റവുമായി വിവാദവും വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ഇവയിൽ ചിലതിന് അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു.












Click it and Unblock the Notifications