കെജ്രിവാളിന്റെ അറസ്‌റ്റ്; തോൽവി ഭയന്നിട്ടെന്ന് അഖിലേഷ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് എഎപി
ന്യൂഡൽഹി: ബിജെപിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് എഎപി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌ത ഇഡി നടപടിക്ക് പിന്നാലെയാണ് കടുത്ത വിമർശനവുമായി അവർ രംഗത്ത് വന്നിരിക്കുന്നത്. എഎപി ഡൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തു. കെജ്രിവാളിന്റെ അറസ്‌റ്റ് ജനാധിപത്യത്തിന്റെ കൊലപാതകവും ഏകാധിപത്യത്തിന്റെ പ്രഖ്യാപനവുമാണെന്ന് റായ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്യുകയും ഏജൻസിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തത്. അറസ്‌റ്റ് തടയാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് കെജ്രിവാളിനെതിരെ ഇഡി കടുത്ത നടപടിയുമായി രംഗത്ത് വന്നത്.

'ഈ സ്വേച്ഛാധിപത്യത്തിനെതിരെ രാജ്യത്തുടനീളമുള്ള ബിജെപി ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധിക്കാൻ ഞാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് എഎപി ഓഫീസിൽ ഒത്തുകൂടുകയും തുടർന്ന് ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്യും' ഗോപാൽ അറിയിച്ചു.
കെജ്രിവാളിനെ അറസ്‌റ്റ് ചെയ്യാൻ കഴിയുമെങ്കിൽ, ആരെയും അറസ്‌റ്റ് ചെയ്യാനും അവരുടെ ശബ്‌ദം അടിച്ചമർത്താനും കഴിയും. ഇന്ന് മുതൽ പോരാട്ടം ആരംഭിക്കുകയാണ്, അരവിന്ദ് കെജ്രിവാൾ കേവലം ഒരു വ്യക്തിയല്ല, പ്രത്യയശാസ്ത്രമാണെന്നും ഗോപാൽ റായ് കൂട്ടിച്ചേർത്തു. എഎപിയുടെ പ്രക്ഷോഭ പരിപാടിയിലേക്ക് ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, കെജ്രിവാളിന്റെ അറസ്‌റ്റിൽ കടുത്ത വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പരാജയപ്പെടുമെന്ന ഭയപ്പെടുന്നുണ്ടെന്നും അതിനാൽ പ്രതിപക്ഷ നേതാക്കളെ പൊതുജനങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് ഒരു എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.
"തോൽവി ഭയന്ന് കഴിയുന്നവർ മറ്റൊരാളെ ജയിലിലടച്ചാൽ എന്ത് ചെയ്യും? ഇനി അധികാരത്തിൽ വരില്ലെന്ന് ബിജെപിക്ക് അറിയാം. ഈ ഭയം മറികടന്ന് പ്രതിപക്ഷ നേതാക്കളെ ഏത് വിധേനയും പൊതുജനമധ്യത്തിൽ നിന്ന് അകറ്റാനാണ് അവർ ആഗ്രഹിക്കുന്നത്. ഈ അറസ്‌റ്റ് ഒരു പുതിയ ജനകീയ വിപ്ലവത്തിന് ജന്മം നൽകും" അഖിലേഷ് യാദവ് എക്‌സ് പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.
അതേസമയം, എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റിനെതിരായ ഹർജി വെള്ളിയാഴ്‌ച സുപ്രീം കോടതി പരിഗണിക്കുമെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു. നേരത്തെ കേസിൽ അടിയന്തര ഹിയറിംഗ് വേണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി ആവശ്യം തള്ളിയിരുന്നു.












Click it and Unblock the Notifications