കെജ്രിവാളിന്റെ ആരോഗ്യനില മോശം; ശക്തമായ പ്രതിഷേധ പരിപാടികളുമായി ഇന്ത്യ സഖ്യം, വൻ റാലി നടത്തും
ന്യൂഡൽഹി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാവുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷ സഖ്യമായ ഇന്ത്യ. കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ ജൂലൈ 30ന് ജന്തർ മന്തറിൽ വൻ റാലി തന്നെ നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.
കെജ്രിവാളിനെ ജയിലിൽ വച്ച് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് എഎപിയുടെ ആരോപണം. ജൂൺ മൂന്നിനും ജൂലൈ ഏഴിനും ഇടയിൽ മാത്രം കെജ്രിവാളിന്റെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് 26 തവണ കുറഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ടും എഎപി ഇതിനായി ഉദ്ധരിക്കുന്നുണ്ട്.

'കെജ്രിവാളിന്റെ ആരോഗ്യനില മോശമാവുന്നത് ഉയർത്തിക്കാട്ടി ജൂലൈ മുപ്പതിന് ജന്തർമന്തറിൽ ഇന്ത്യ സഖ്യം വൻ റാലി സംഘടിപ്പിക്കും' എഎപി അറിയിച്ചു. നേരത്തെ ഡൽഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21ന് ഇഡി അറസ്‌റ്റ് ചെയ്‌ത കെജ്രിവാളിന് അടുത്തിടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ ജൂൺ 26ന് സിബിഐ അനുബന്ധ കേസിൽ അറസ്‌റ്റ് ചെയ്‌തത്തോടെ അദ്ദേഹത്തിന് ജയിലിൽ തന്നെ തുടരേണ്ടി വരികയായിരുന്നു. തിഹാർ ജയിലിലാണ് അരവിന്ദ് കെജ്രിവാൾ കഴിയുന്നത്. സിബിഐ അറസ്‌റ്റിനെതിരെ കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടുത്ത തിങ്കളാഴ്‌ച ഹർജി വീണ്ടും കോടതി പരിഗണിക്കും.
അരവിന്ദ് കെജ്രിവാളും ആം ആദ്‌മി പാർട്ടിയും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു അവരുടെ പ്രതികരണം. മാസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും ഇഡിയ്ക്ക് കൈക്കൂലി വാങ്ങിയെന്ന് പറയുന്ന പണം കണ്ടെത്താനായില്ലെന്ന് അവർ വാദിക്കുന്നു.
ആം ആദ്‌മി പാർട്ടിയും സഖ്യകക്ഷികളും നിരന്തരം കെജ്രിവാളിന്റെ മോശം ആരോഗ്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയുമാണ് ഇതിന് പിന്നിലെന്നായിരുന്നു അവരുടെ ആരോപണം. അത് ഒന്ന് കൂടി കടുപ്പിക്കാനാണ് കൂടുതൽ പ്രതിഷേധ പരിപാടികൾ അവർ ആസൂത്രണം ചെയ്യുന്നത്.
ചൊവ്വാഴ്‌ച നടന്ന ഇന്ത്യ സഖ്യ യോഗത്തിൽ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമായതായി എഎപി നേതാക്കൾ ഉന്നയിച്ചിരുന്നു. എഎപി രാജ്യസഭാ എംപിമാരായ രാഘവ് ചദ്ദ, സഞ്ജയ് സിംഗ് എന്നിവരാണ് വിഷയം ഉന്നയിച്ചത്. കൂടാതെ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ കെജ്രിവാളിനെ ജയിലിൽ സന്ദർശിക്കണമെന്നും അവർ ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications