അരവിന്ദ് പനഗരിയ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി നീട്ടി നല്‍കില്ലെന്ന് ഉറപ്പായതോടുകൂടി പുതിയ ഗവര്‍ണറെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇവയില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ ആണ്. രഘുറാം രാജന്റെ പിന്‍ഗാമിയായി അരവിന്ദ് പനഗരിയെ നിയമിക്കുന്നതില്‍ ബിജെപിക്കും എതിര്‍പ്പില്ലു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചുവന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകും. അതേസമയം, അരവിന്ദ് പനഗരിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ജൂലൈ 18ന് മുമ്പ് പുതിയ ഗവര്‍ണറെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാകേഷ് മോഹന്‍, നിലവില്‍ ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവരെയും നേരത്തെ പരിഗണിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായ അരവിന്ദ് പനഗരിയുടെ പേര് ഉയര്‍ന്നുവന്നത്.
രഘുറാം രാജനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പെടെയുള്ളവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രഘുറാം രാജന് രാജ്യസ്‌നേഹമില്ലെന്നും അമേരിക്കന്‍ പൗരത്വമുള്ള അദ്ദേഹത്തിന് അവരോടാണ് സ്‌നേഹമെന്ന രീതിയിലായിരുന്നു സ്വാമിയുടെ വിമര്‍ശനം. ഇതേ തുടര്‍ന്നാണ് രഘുറാം രാജന്‍ കാലാവധി നീട്ടിവാങ്ങാതെ വിരമിക്കാന്‍ തയ്യാറായത്.












Click it and Unblock the Notifications