സബര്‍മതി ആശ്രമം 'പൊളിച്ചുനീക്കരുത്'... നരേന്ദ്ര മോദി ഇടപെടണമെന്ന് കോണ്‍ഗ്രസ്
ദില്ലി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഓര്‍മകളുള്ള അഹമ്മദാബാദിലെ സബര്‍മതി ആശ്രമം മ്യൂസിയമാക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ ആശ്രമത്തിന് രൂപമാറ്റം വരുത്താന്‍ നീക്കം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആശ്രമം പൊളിച്ചു മ്യൂസിയം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്ന് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ പിന്തിരിയണം എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

ഗാന്ധിജി 13 വര്‍ഷം സബര്‍മതി ആശ്രമത്തില്‍ ചെലവഴിച്ചിട്ടുണ്ട്. രാജ്യത്ത് സ്വാതന്ത്ര്യ സമരം ശക്തമായിരുന്ന 1917 മുതല്‍ 1930 വരെയായിരുന്നു ഇത്. സബര്‍മതി ആശ്രമം ഡെവലപ്‌മെനന്റ് പ്രൊജക്ട് എന്ന പേരില്‍ 1200 കോടിയുടെ പദ്ധതിയാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആശ്രമത്തിന്റെ രൂപം മാറ്റുമെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു. ആശ്രമം അതേപടി നിലനിര്‍ത്തണമെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഗാന്ധിജിയുടെ ലളിത ജീവിതം സംബന്ധിച്ച് മനസിലാക്കാനാണ് ജനങ്ങള്‍ സബര്‍മതി ആശ്രമത്തിലെത്തുന്നത്. സബര്‍മതി ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല. ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതാണ് സബര്‍മതി ആശ്രമം. അവിടെ ലോകോത്തര നിലവാരമുള്ള ഒരു കെട്ടിടം വരണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. സബര്‍മതി ആശ്രമം ആദര്‍ശത്തിന്റെ പ്രതീകമാണ്. ഗാന്ധിജിയുടെ ലളിത ജീവിതമാണ് അവിടെ കാണുക. അതുകൊണ്ടാണ് ആശ്രമം എന്ന് വിളിക്കുന്നത്. ഇതിന് രൂപ മാറ്റം വരുത്തരുതെന്നും അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
സബര്‍മതി ആശ്രമത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണ്. ഗാന്ധിജിയുമായി ബന്ധമുള്ള എല്ലാം മാറ്റുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും പാരമ്പര്യവും നശിപ്പിച്ചാല്‍ ഭാവി തലമുറ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന് മാപ്പ് തരില്ലെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?












Click it and Unblock the Notifications