അസമിലെ മുസ്ലിം പെണ്‍കുട്ടികള്‍ കേരളത്തില്‍ വില്‍പ്പന ചരക്കാകുന്നു; ജനസംഖ്യാ വിഷയത്തില്‍ മുഖ്യമന്ത്രി
ഗുവാഹത്തി: അസമില്‍ മുസ്ലിങ്ങള്‍ക്കിടയിലെ ജനസംഖ്യ കുറയ്ക്കുന്നതിന് ബൃഹദ് പദ്ധതിയുമായി ബിജെപി സര്‍ക്കാര്‍. ആശ വര്‍ക്കര്‍മാരെ ഉപയോഗിച്ച് ഗര്‍ഭ നിരോധന വസ്തുക്കള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇതിന് 10000 ആശ വര്‍ക്കര്‍മാരെ നിയോഗിക്കും. കൂടാതെ 1000 മുസ്ലിം യുവാക്കളുടെ പോപ്പുലേഷന്‍ ആര്‍മി രൂപീകരിക്കും. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയാകും ഇവരുടെ ദൗത്യം.
കുടുംബാസൂത്രണം നടപ്പാക്കേണ്ടതിന്റെയും ജനസംഖ്യ കുറയ്‌ക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുകയാകും ഇവരുടെ ജോലി എന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ നിയമസഭയില്‍ പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി വിശദീകരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് എംഎല്‍എ ഷര്‍മാന്‍ അലിയാണ് സഭയില്‍ ഉന്നയിച്ചത്. അസം ജനസംഖ്യയിലെ 30 ശതമാനം മുസ്ലിങ്ങളാണ്.

2001-2011 കാലഘട്ടത്തില്‍ മുസ്ലിം ജനസംഖ്യ 29 ശതമാനമായി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതേ കാലയളവില്‍ ഹിന്ദു ജനസംഖ്യ 16 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയുകയാണ് ചെയ്തത്. അസമിലെ മുസ്ലിങ്ങള്‍ക്കിടയില്‍ ദാരിദ്ര്യവും നിരക്ഷരതയും വര്‍ധിക്കാന്‍ കാരണം ജനസംഖ്യാ വര്‍ധനവാണ്. ജനസംഖ്യ കുറഞ്ഞ ഹിന്ദുക്കളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. അവരുടെ കുട്ടികള്‍ മികച്ച സ്‌കൂളുകളില്‍ പഠിക്കുന്നു. ഉന്നത ബിരുദം നേടി ജോലി ചെയ്യുന്നു. എന്നാല്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം നേടുന്നവര്‍ കുറഞ്ഞു. ജനസംഖ്യ കൂടിയത് കാരണം അവര്‍ സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കൈയേറി താമസം തുടങ്ങി. ഇത് പലപ്പോഴും സംഘര്‍ഷത്തിന് ഇടയാക്കി. ഇതിനെല്ലാം കാരണം ജനസംഖ്യാ വര്‍ധനവാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
19 വയസ് ആകുമ്പോഴേക്കും മുസ്ലിം പെണ്‍കുട്ടികള്‍ മൂന്നോ നാലോ മക്കളുടെ അമ്മമാരാകുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. അതാകട്ടെ മനുഷ്യക്കടത്ത് സംഘങ്ങള്‍ മുതലെടുക്കുന്നു. ഇവരില്‍ പലരും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശരീര വില്‍പ്പന നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെത് മുസ്ലിം വിരുദ്ധ നടപടിയല്ലെന്നും ദാരിദ്ര്യത്തിനെതിരായ പോരാട്ടമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications