'2041-ഓടെ അസം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായി മാറും'; അവകാശവാദവുമായി ഹിമന്ത ബിശ്വ ശർമ്മ
ന്യൂഡൽഹി: 2041-ഓടെ സംസ്ഥാനം മുസ്ലീം ഭൂരിപക്ഷമായി മാറുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഓരോ 10 വർഷം കൂടുമ്പോഴും മുസ്ലീം ജനസംഖ്യയിൽ 30 ശതമാനം വർധന രേഖപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കണക്കുകൾ പ്രകാരം മുസ്ലീങ്ങൾ അസമിലെ ജനസംഖ്യയുടെ 40 ശതമാനമായി മാറിയെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
ഗുവാഹത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അസം മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. 'അസമിലെ മുസ്ലീങ്ങളുടെ ജനസംഖ്യാ വർധനവ് ഒരു സ്ഥിതിവിവരക്കണക്ക് വസ്‌തുതയാണ്. മുസ്ലീങ്ങളുടെ ജനസംഖ്യാ വർധന നിരക്ക് ഹിന്ദുക്കളേക്കാൾ വളരെ കൂടുതലാണ്, ഈ നിരക്ക് തുടർന്നാൽ 2041-ഓടെ അവർ ഭൂരിപക്ഷമാകും" ഹിമന്ത ആരോപിച്ചു.

ഇതേ കാലയളവിലെ മുസ്ലീങ്ങളുടെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ 10 വർഷത്തിലും ഹിന്ദുക്കളുടെ ജനസംഖ്യ 16 ശതമാനം മാത്രമാണ് വർധിക്കുന്നതെന്നും ഹിമന്ത ശർമ്മ പറഞ്ഞു. അതിനെ സാധൂകരിക്കുന്ന കണക്കുകളെ കുറിച്ചും അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
'ഹിന്ദു ജനസംഖ്യ 16 ശതമാനമാണ് വർധിച്ചത്. 2011ൽ അസമിലെ ജനസംഖ്യയിൽ 1.40 കോടി മുസ്‌ലിങ്ങളായിരുന്നു. ഓരോ 10 വർഷത്തിലും മുസ്ലീം ജനസംഖ്യയുടെ 30 ശതമാനം വർധനവുണ്ട്. ഓരോ ദശകത്തിലും മുസ്ലീം ജനസംഖ്യ ഹിന്ദു ജനസംഖ്യയേക്കാൾ 16 ശതമാനം കൂടുതലാവുന്നു. അതായത് ഓരോ ദശാബ്‌ദത്തിലും 22 ലക്ഷം മുസ്ലീം ജനസംഖ്യ കൂടുതലായി ഉണ്ടാകുന്നു' ഹിമന്ത ചൂണ്ടിക്കാട്ടി.
അസമിലെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ കണക്കുകൾ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് ഹിമന്ത പറഞ്ഞു. 'ജനസംഖ്യാ കണക്കുകൾ മാറുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. അസമിൽ മുസ്‌ലിം ജനസംഖ്യ ഇന്ന് 40 ശതമാനത്തിലെത്തി. 1951ൽ ഇത് 12 ശതമാനമായിരുന്നു' ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഈ വിഷയത്തിൽ കോൺഗ്രസിനെയും ശർമ്മ പരിഹസിക്കുകയുണ്ടായി. മുസ്ലീം സമുദായം കോൺഗ്രസിനെ പിന്തുണക്കുന്നതിനാൽ ജനസംഖ്യാ വർധനവ് നിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് പാർട്ടിക്ക് വഹിക്കാനാകുമെന്ന് കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. രാഹുൽ ഗാന്ധി ജനസംഖ്യാ നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബാസിഡർ ആവണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.
'രാഹുൽ ഗാന്ധി ജനസംഖ്യാ നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബാസഡറായാൽ അത് വളരെ വേഗത്തിൽ തന്നെ പ്രവർത്തിക്കും. ബ്രാൻഡ് അംബാസഡറാകാൻ നിങ്ങൾ വിവാഹം കഴിച്ച് 12 കുട്ടികൾക്ക് ജന്മം നൽകേണ്ടതില്ല. നിങ്ങൾ ഇന്ന് ഒരു മുസ്ലീം ഗ്രാമത്തിലേക്ക് പോകൂ, അവർ നിങ്ങളുടെ വാക്കുകൾ കേൾക്കും' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.












Click it and Unblock the Notifications