'മോദി മാജിക്'; മൂന്ന് സംസ്ഥാനങ്ങളിലെ തേരോട്ടത്തെ ബിജെപി വിശേഷിപ്പിക്കുന്നത് ഇങ്ങനെ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപി മുന്നേറ്റമുണ്ടാക്കി കഴിഞ്ഞു. മധ്യപ്രദേശിൽ അധികാരം നിലനിർത്താനും, രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ പടിയിറക്കാനും, ഛത്തീസ്ഗഡിൽ കോൺഗ്രസിനെക്കാൾ മുൻതൂക്കം നേടാനും ബിജെപിക്കായി എന്നാണ് ഇതുവരെയുള്ള ഫലങ്ങൾ നൽകുന്ന സൂചന.
ഇപ്പോഴിതാ പാർട്ടിയുടെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുകയാണ് ബിജെപി നേതാക്കൾ. 'മോദി മാജിക്' ആണ് വിജയ രഹസ്യമെന്നാണ് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല പ്രതികരിച്ചത്. 'ഇത് വ്യക്തമായും അർത്ഥമാക്കുന്നത് മോദി മാജിക് തന്നെയാണ്. ജനങ്ങൾ മോദിയുടെ ഉറപ്പ് അംഗീകരിക്കുകയും കോൺഗ്രസിന്റെ വ്യാജ വാഗ്‌ദാനങ്ങൾ തള്ളുകയും ചെയ്‌തു' അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷിയും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് ജനങ്ങൾ അംഗീകരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന അദ്ദേഹം കോൺഗ്രസിനെയും തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ നൽകിയ വാഗ്‌ദാനങ്ങളെയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയും തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചു. "ജനങ്ങളുടെ അനുഗ്രഹം ബിജെപിക്കൊപ്പമാണെന്ന് വ്യക്തമായിക്കഴിഞ്ഞു... ജനങ്ങളെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്, മറുവശത്ത് കോൺഗ്രസ് രാജ്യത്തെ വിഭജിക്കുന്നു." അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന നാലിൽ മൂന്നിടത്തും ബിജെപി തന്നെയാണ് മുൻപിൽ. മധ്യപ്രദേശിൽ അധികാരം നിലനിർത്തിയ ബിജെപി, രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ഭരണം പിടിക്കാനും, ഛത്തീസ്‌ഗഡിലെ ഭൂപേഷ് ബാഗേൽ സർക്കാരിനെ അട്ടിമറിക്കാനും കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ വസ്‌തുത.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സെമിഫൈനലായാണ് കണക്കാക്കിയിരുന്നത്. അതിൽ ബിജെപി ശക്തി തെളിയിച്ച സാഹചര്യത്തിൽ 'ഇന്ത്യ' സഖ്യത്തിന്റെ പ്രസക്തി കൂടി ചർച്ചയാകും. തെലങ്കാന മാത്രമാണ് ഇക്കുറി കോൺഗ്രസിനൊപ്പം നിന്നത്. ദക്ഷിണേന്ത്യയിലെ സമ്പൂർണ പരാജയം ബിജെപിയെയും അലോസരപ്പെടുത്തും എന്നുറപ്പാണ്.












Click it and Unblock the Notifications