'ഇന്നത്തെ ഹാട്രിക് 2024ലെ ഹാട്രിക് ഉറപ്പ് നൽകുന്നു...'; തിരഞ്ഞെടുപ്പ് വിജയത്തിൽ നരേന്ദ്ര മോദി...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 'ഹാട്രിക്' വിജയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മൂന്നാം വിജയം ഉറപ്പുനൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേടിയ വൻ വിജയത്തിന് ശേഷം ബിജെപി നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ഇന്നത്തെ ഹാട്രിക്ക് 2024ലെ ഹാട്രിക് ഉറപ്പുനൽകുമെന്ന് ചിലർ പറയുന്നുണ്ട്' ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മോദി പ്രസംഗത്തിൽ ആരോപിച്ചു.

"ഈ തിരഞ്ഞെടുപ്പിൽ, ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ നടന്നു. എനിക്ക് നാല് ജാതികളാണ് പ്രധാനമെന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നു; സ്ത്രീ ശാക്തീകരണം, യുവ ശാക്തീകരണം), കർഷകർ, ദരിദ്ര കുടുംബങ്ങൾ എന്നിവയാണവ" പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തെക്കുറിച്ച് സംസാരിച്ച മോദി, പാർട്ടിയുടെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണെന്ന് ചൂണ്ടിക്കാട്ടി. "ഇന്ന്, ആത്മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു, ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു, രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയവും വിജയിച്ചു." പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടം തുടരുമെന്ന് പറഞ്ഞ രാഹുൽ ജനവിധി അംഗീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു മുൻ കോൺഗ്രസ് അധ്യക്ഷൻ പ്രതികരിച്ചത്. കോൺഗ്രസിന്റെ ഏക പ്രതീക്ഷയായി മാറിയ തെലങ്കാനയിലെ വോട്ടർമാർക്കും മുൻ കോൺഗ്രസ് അധ്യക്ഷൻ നന്ദി പറഞ്ഞു. സംസ്ഥാനത്തെ സാധാരണക്കാരുടെ തെലങ്കാനയാക്കുമെന്ന വാഗ്‌ദാനം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications