മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണ ശ്രമം; 'സ്ത്രീ കത്തിയെടുത്ത് വന്നു'
കൊൽക്കത്ത: മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണ ശ്രമമെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് മമത വിഭാഗം. മമത വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കത്തിയുമായി ആക്രമിക്കാൻ ഒരു സ്ത്രീ ശ്രമിച്ചെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് പാർട്ടിയുടെ ആരോപണം.
എന്നാൽ ആക്രമണമുണ്ടായെന്നോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചെന്നോ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്‌റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ദോല സെൻ നൽകിയ പരാതിയിൽ, തനിഷ്‌ഠ സാഹ എന്ന സ്ത്രീയാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നത്.

ഇവർ സിവിക് വോളന്റിയറാണെന്നും മമത ബാനർജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടതായും പരാതിയിൽ പറയുന്നു. വൈകുന്നേരം ആറുമണിയോടെ കാളിഘട്ടിലെ വസതിയിൽനിന്ന് മമത പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്ത്രീ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പാർട്ടിയുടെ ആരോപണം.
ഗതാഗത നിയന്ത്രണം, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, പൊതുസുരക്ഷ തുടങ്ങിയ ചുമതലകളിൽ പശ്ചിമ ബംഗാൾ പോലീസിനെയും കൊൽക്കത്ത പൊലീസിനെയും സഹായിക്കാൻ കരാർ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെടുന്ന ജീവനക്കാരാണ് സിവിക് വോളന്റിയർമാർ. ആക്രമിക്കാൻ ശ്രമിച്ച സ്ത്രീ മയക്കുമരുന്നിന് അടിമയാണെന്നും മമത ബാനർജിയുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ടിഎംസിയിലെ മമത വിഭാഗം ആരോപിച്ചു.
ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാളുടെ വസതിക്ക് സമീപം ഇത്തരമൊരു സംഭവം എങ്ങനെ ഉണ്ടായെന്നും പാർട്ടി ചോദിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന സംശയവും പാർട്ടി ഉന്നയിച്ചു.
സ്ത്രീ അസഭ്യം പറയുകയും ലഹരിയിലായിരുന്ന നിലയിൽ മമത ബാനർജിയുടെ അടുത്തേക്ക് അക്രമാസക്തമായി നീങ്ങാൻ ശ്രമിക്കുകയും ചെയ്‌തതായി ദോല സെൻ പരാതിയിൽ ആരോപിച്ചു. മമതയെ ഉപദ്രവിക്കാനായി സ്ത്രീ റോഡിൽ കിടന്നതായും പരാതിയിൽ പറയുന്നു.
പരാതിയുടെ പകർപ്പ് പങ്കുവെച്ച തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോകലെ, മയക്കുമരുന്നിന് അടിമയായ ഒരു സ്ത്രീ മമതയുടെ വസതിയിലെത്തി കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിക്ക് ഇസഡ് പ്ലസ് സുരക്ഷയുണ്ടായിട്ടും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് ബംഗാളിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
മമത ഡൽഹിയിൽ ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതൊരു ആസൂത്രിത ഗൂഢാലോചനയാണോയെന്നും ഗോകലെ ചോദിച്ചു. സംഭവത്തിന് മണിക്കൂറുകൾക്കുശേഷം, കസ്‌റ്റഡിയിലെടുത്ത സ്ത്രീയുടെ പേര് 38കാരിയായ അനുസൂയ സാഹ എന്നാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ വാക്കുതർക്കമായാണ് പോലീസ് വിശേഷിപ്പിച്ചത്.
മുൻ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു. അനുസൂയ സാഹ ഇവർക്ക് മുൻപിൽ എത്തിയപ്പോൾ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ കസ്‌റ്റഡിയിലെടുത്തു. തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നും നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.


Click it and Unblock the Notifications
