ബെംഗളൂരു എയർപോർട്ടിലേക്ക് പോവുന്നവരുടെ ശ്രദ്ധയ്ക്ക്; ട്രംപറ്റ് ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം, ഓഗസ്‌റ്റ് 14 വരെ
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് നിർണായക മുന്നറിയിപ്പ് നൽകി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. വിമാനത്താവള എക്‌സിറ്റ് റോഡിലുള്ള ട്രംപറ്റ് റോഡ് ഫ്ലൈഓവറുകളിൽ മുൻകൂട്ടി തീരുമാനിച്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്‌റ്റ് 14 വരെ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് അറിയിച്ചത്.
വിമാനത്താവളത്തിലെ പ്രവേശന, എക്‌സിറ്റ് ഗതാഗതത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനാണ് ട്രംപറ്റ് ഫ്ലൈഓവർ. ദിവസേന ആയിരക്കണക്കിന് സ്വകാര്യ വാഹനങ്ങൾ, ടാക്‌സികൾ, ബസുകൾ, ചരക്ക് വാഹനങ്ങൾ എന്നിവ ഈ ഭാഗം വഴിയാണ് സഞ്ചരിക്കുന്നത്. വിമാനത്താവളത്തിലേക്കും നഗരത്തിലേക്കുമുള്ള വാഹനഗതാഗതം തടസപ്പെടാതിരിക്കാനാണ് ഘട്ടംഘട്ടമായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.

ഫ്ലൈഓവറിന്റെ ഉപരിതലം, എക്‌സ്‌പാൻഷൻ ജോയിന്റുകൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ പതിവ് പരിപാലന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഭാവിയിൽ കൂടുതൽ സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ അറ്റകുറ്റപ്പണികളാണിവെന്ന് ബിഐഎഎൽ അറിയിച്ചു.
അറ്റകുറ്റപ്പണി നടക്കുന്ന കാലയളവിൽ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ടെംപോ ട്രാവലറുകൾ എന്നിവയ്ക്ക് ഫ്ലൈഓവർ ഉപയോഗിച്ച് യാത്ര തുടരാൻ കഴിയും. എന്നാൽ ബസുകൾ, ട്രക്കുകൾ, നിർമ്മാണ ആവശ്യങ്ങൾക്കുള്ള ഭാരവാഹനങ്ങൾ എന്നിവയെ സർവീസ് റോഡിലൂടെ തിരിച്ചുവിടും. ഇതിലൂടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനും ഫ്ലൈഓവറിലെ ഭാരവാഹനങ്ങളുടെ സമ്മർദം കുറയ്ക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വിമാനത്താവളത്തിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നവർ ഡൈവർഷൻ ബോർഡുകളും ട്രാഫിക് മാർഗനിർദേശങ്ങളും ശ്രദ്ധിക്കണമെന്ന് ബിഐഎഎൽ അഭ്യർഥിച്ചു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ വിമാനയാത്രയുള്ളവർ അധിക യാത്രാസമയം കണക്കാക്കി നേരത്തെ പുറപ്പെടുന്നതാണ് ഉചിതമെന്നും അധികൃതർ വ്യക്തമാക്കി.
ഓഗസ്‌റ്റ് പകുതിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ ട്രംപറ്റ് ഫ്ലൈഓവറിലെ സാധാരണ ഗതാഗത ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം ഇവിടെ നിലവിലുള്ള ഗതാഗത കുരുക്കിൽ ഗണ്യമായ കുറവ് വരുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. എന്നാൽ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ മഴ തടസ്സമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തുടർച്ചയായ അറ്റകുറ്റപണികളാണ് ഇവിടെ നടത്തേണ്ടി വരുന്നത്. വർധിച്ചു വരുന്ന വാഹനഗതാഗതവും ഭാരവാഹനങ്ങളുടെ സഞ്ചാരവും കാരണം ഫ്ലൈഓവറിലെ എക്‌സ്‌പാൻഷൻ ജോയിന്റുകൾക്കും റോഡ് ഉപരിതലത്തിനും തേയ്‌മാനം സംഭവിക്കുന്നത് പതിവാവുകയാണ്. അതിനാൽ നിശ്ചിത ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന റോഡ് ജംഗ്ഷനാണ് ഇത്. ദേശീയപാതയായ എൻച്ച് 44നെ വിമാനത്താവളത്തിന്റെ പ്രവേശന, എക്‌സിറ്റ് റോഡുകളുമായി ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ചിന് സംഗീതോപകരണമായ ട്രംപറ്റിന്റെ ആകൃതിയോട് സാമ്യമുള്ള ലൂപ്പ് റാംപുകളുള്ളതിനാലാണ് ഈ പേര് വന്നത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്.














Click it and Unblock the Notifications