ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നവരെ ഓസ്‌ട്രേലിയ നാട്ടിലെത്തിക്കും, വിമാന സര്‍വീസ് പുനരാരംഭിച്ചു
ദില്ലി: വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇന്ന് മുതലാണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്. താല്‍ക്കാലികമായ വിമാന യാത്രാ നിരോധനം പിന്‍വലിച്ചിരിക്കുന്നു, വിമാന സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ വിമാനത്തില്‍ കയറും മുമ്പ് ടെസ്റ്റുകള്‍ നടത്തും. കര്‍ശന പരിശോധനങ്ങള്‍ക്ക് ശേഷം മാത്രമേ ഇവരെ യാത്ര തുടരാന്‍ അനുവദിക്കൂ എന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

നേരത്തെ ഐപിഎല്ലിനായി അടക്കം ഇന്ത്യയിലെത്തിയ കായിക താരങ്ങളെ അടക്കം തിരിച്ചെത്തിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതാണ് മനംമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ 1056 വെന്റിലേറ്ററുകള്‍, 60 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുമുണ്ടാവും. ഇത് ഇന്ത്യക്ക് നല്‍കും. നേരത്തെ ആയിരം വെന്റിലേറ്ററുകളും 43 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഓസ്‌ട്രേലിയ ഇന്ത്യക്ക് നല്‍കിയിരുന്നു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായി വിമാനം പുറപ്പെട്ട് കഴിഞ്ഞെന്ന് വിദേശകാര്യ മന്ത്രി മരീസ് പെയ്ന്‍ പറഞ്ഞു. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ഓസ്‌ട്രേലിയ പിന്തുണയ്ക്കുന്നതായും മരീസ് പെയ്ന്‍ പറഞ്ഞു. ഇന്ത്യയില്‍ കണ്ടെത്തിയ വേരിയന്റ് യാത്രക്കാരുടെ ശരീരത്തില്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ ഇവര്‍ ക്വാറന്റൈനില്‍ പോകേണ്ടി വരും. നാട്ടില്‍ ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നോര്‍ത്തേണ്‍ ടെറിറ്ററിയിലെ ഹൊവാര്‍ഡ് സ്പ്രിംഗ്‌സിലുള്ള സെന്റര്‍ ഫോര്‍ നാഷണല്‍ റിസൈലിയന്‍സിലാണ് ഇവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്.
ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും പിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവ യാത്രയ്ക്ക് മുമ്പേ ചെയ്യേണ്ടി വരും. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ലംഘിച്ച് നാട്ടിലെത്തുന്നവര്‍ക്ക് 66000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴയും അഞ്ച് വര്‍ഷം തടവും വരെ സര്‍ക്കാര്‍ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗസാധ്യത കൂടിയവരെയാണ് ആദ്യം ഈ വിമാനത്തില്‍ എത്തിക്കുക. അതേസമയം ഓസ്‌ട്രേലിയന്‍ ഇതുവരെ 15 ടണ്‍ മെഡിക്കല്‍ അവശ്യ സാധനങ്ങള്‍ ഇന്ത്യക്ക് വിതരണംചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടായിരം വെന്റിലേറ്ററും നൂറ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications