ശുഭാൻഷുവിന്റെ ബഹിരാകാശ യാത്ര വൈകും; ആക്‌സിയം 4 വിക്ഷേപണം മാറ്റി, പുതിയ തീയതി എപ്പോൾ?
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്‌എസ്) അയയ്ക്കുന്ന ആക്‌സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ഇത് മൂന്നാം തവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം മാറ്റിവയ്ക്കുന്നത്. ഏറ്റവും ഒടുവിൽ മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണ് എഎക്‌സ്-4 എന്ന് കൂടി അറിയപ്പെടുന്ന ദൗത്യത്തിന്റെ വിക്ഷേപണം നീട്ടിയത്.
വിക്ഷേപണ മേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്ന് വിക്ഷേപണം മാറ്റിവച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ഇന്ന് വൈകീട്ടോടെയാണ് അറിയിച്ചത്. അതേസമയം, സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി സ്‌പേസ് എക്‌സും രംഗത്തെത്തി. അസെൻറ് കോറിഡോറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാലാണ് വിക്ഷേപണം നീട്ടിയതെന്നാണ് സ്പേസ് എക്‌സ് അറിയിച്ചിരിക്കുന്നത്.

പുതിയ വിക്ഷേപണ തീയതി എപ്പോൾ?
ഇന്ത്യ, യുഎസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ ഉൾക്കൊള്ളുന്ന ആക്‌സിയം-4 ദൗത്യം 2025 ജൂൺ 11ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ അനുകൂല കാലാവസ്ഥയാണെങ്കിൽ വിക്ഷേപിക്കും എന്നാണ് സ്‌പേസ് എക്‌സ് അറിയിച്ചിരിക്കുന്നത്. മുൻ നിശ്ചയിച്ചതിലും ഒരു ദിവസമാണ് ഇപ്പോൾ വിക്ഷേപണം നീട്ടിയിരിക്കുന്നത്.
ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങളിലെ നിർണായക നാഴികക്കല്ലായ ഈ ദൗത്യം, ആക്‌സിയം സ്പേസ്, നാസ, സ്പേസ് എക്‌സ്, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്രോ) എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ഭാവിയിൽ ഇന്ത്യയുടെ പദ്ധതികൾക്ക് ഈ ദൗത്യം ആക്കം കൂട്ടുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യൻ വ്യോമസേന പൈലറ്റും ഇസ്രോ ബഹിരാകാശയാത്രികനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സണും (മുൻ നാസ ബഹിരാകാശയാത്രികൻ) ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള സ്പെഷ്യലിസ്‌റ്റുകളും ചേരുന്ന മിഷന്റെ പൈലറ്റായി സേവനമനുഷ്‌ഠിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ ഉൾപ്പെടെ ഈ വാർത്ത സ്ഥിരീകരിച്ചു രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗും എക്‌സിലെ ഒരു പോസ്‌റ്റിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ചു. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം ഒരു ദിവസത്തേക്ക് മാറ്റിവച്ചതായാണ് അദ്ദേഹം തന്റെ പോസ്‌റ്റിൽ കുറിച്ചത്.
കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എ-യിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് പുതിയ സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് ആക്‌സിയം-4 സംഘം യാത്ര ചെയ്യുക. മെയ് 29-ന് ദൗത്യം വിക്ഷേപിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജൂൺ 8-ലേക്ക് മാറ്റിവച്ചു. ശേഷം സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വിക്ഷേപണം ജൂൺ 10-ലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് വീണ്ടും തീയതി നീട്ടിയത്.
ആക്‌സ്-4 ദൗത്യം വിജയിച്ചാൽ, ബഹിരാകാശയാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസം വരെ ചെലവഴിക്കും. ഇവിടെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും, അവയിൽ പലതും ഇന്ത്യൻ ഗവേഷകരാണ് നയിക്കുന്നത്. മൈക്രോഗ്രാവിറ്റി, ലൈഫ് സയൻസസ്, മെറ്റീരിയൽ സയൻസസ് എന്നിവയിലാണ് ഈ പരീക്ഷണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദൗത്യം വിജയിച്ചാൽ 1984ന് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയിലെ രണ്ടാമത്തെ ദേശീയ ബഹിരാകാശ യാത്രികനാകും ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. യൂറോപ്യൻ ബഹിരാകാശ ഏജൻസി പ്രോജക്റ്റ് ബഹിരാകാശയാത്രികനായ സ്ലാവോസ് ഉസ്‌നാൻസ്‌കി, 1978 ന് ശേഷമുള്ള രണ്ടാമത്തെ പോളിഷ് ബഹിരാകാശ യാത്രികനാകും. 1980ന് ശേഷമുള്ള രണ്ടാമത്തെ ദേശീയ ഹംഗേറിയൻ ബഹിരാകാശ യാത്രികയായിരിക്കും ടിബോർ കപു.












Click it and Unblock the Notifications