അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്; മഹാകുംഭമേള മറയാക്കി പ്രതികൾ കൂടുതൽ പണം തട്ടിയെന്ന് കണ്ടെത്തൽ
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടു പണം തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം ജനുവരിയിൽ മഹാ കുംഭമേള നടന്ന കാലയളവിലാണ് ഏറ്റവും കൂടുതൽ തുക തട്ടിയെടുത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മഹാകുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തർ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതോടെ വഴിപാടായി ലഭിച്ച പണവും ഗണ്യമായി വർധിച്ചിരുന്നു.
ഈ സാഹചര്യം മുതലെടുത്താണ് പ്രതികൾ വലിയ തോതിൽ പണം തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രയാഗ്‌രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്താണ് മഹാകുംഭം നടന്നത്. അന്വേഷണത്തിൽ, ലവ്കുശ് മിശ്രയും സഹോദരീഭർത്താവായ അനുകൽപ് മിശ്രയും ചേർന്നാണ് ഏറ്റവും കൂടുതൽ തുക തട്ടിയതെന്ന് കണ്ടെത്തിയതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഇരുവരും അനധികൃതമായി സമ്പാദിച്ച അസ്ഥിര സ്വത്തുക്കളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണത്തിന്റെ ഉറവിടവും ഇടപാടുകളും കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും സഹായം തേടാനാണ് പോലീസിന്റെ നീക്കം. ലവ്കുശ് മിശ്രയും അനുകൽപ് മിശ്രയും ഉൾപ്പെടെ എട്ട് പേരെയാണ് കേസിൽ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. ഇവർ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
നേരത്തെ ലവ്കുശ് മിശ്രയുടെ അയോധ്യ ജില്ലയിലെ മീനാപൂർ താക്കുറാൻ ഫഗൗളി ഗ്രാമത്തിലെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഏകദേശം 12 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിരുന്നു. രാമക്ഷേത്രത്തിലെ വഴിപാടായി ലഭിക്കുന്ന പണം എണ്ണുന്ന ജീവനക്കാരിൽ ഒരാളായിരുന്നു ലവ്കുശ് മിശ്ര. ക്ഷേത്ര ട്രസ്‌റ്റിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം കാർ മെക്കാനിക്കായി ജോലി ചെയ്‌തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അനുകൽപ് മിശ്രയ്ക്ക് അയോധ്യയിൽ ഫാംഹൗസും ആഡംബര വസതിയും ഉണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കേസിൽ തന്റെ പങ്കും പരിശോധിക്കപ്പെടുന്ന സാഹചര്യത്തിൽ രാമക്ഷേത്ര ട്രസ്‌റ്റിന്റെ ജനറൽ സെക്രട്ടറിചമ്പത്ത് റായി അടുത്ത അനുയായികളോട് സ്വന്തം ആളുകൾ തന്നെ വഞ്ചിച്ചുവെന്ന് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചമ്പത്ത് റായി ട്രസ്‌റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന് രാജിക്കത്ത് സമർപ്പിച്ചതായും, അടുത്ത ദിവസം ചേരുന്ന ചേരുന്ന ട്രസ്‌റ്റ് യോഗത്തിൽ ഇത് പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ആർഎസ്എസ് നേതൃത്വത്തിനും കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications