അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണം; വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. വിഷയത്തിൽ ഹർജിക്കാർക്കാണ് കോടതി മുന്നറിയിപ്പ് നൽകിയത്. കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിക്കാൻ കഴിയുമോയെന്ന് ഉത്തർപ്രദേശ് സർക്കാരിനോടും കോടതി ചോദിച്ചു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും, കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കേസുമായി ബന്ധപ്പെട്ട സ്‌റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ എട്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അറിയിച്ചു.

അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സ്‌റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ച കോടതി, അന്വേഷണം ഇപ്പോഴും എസ്ഐടി നടത്തുന്നുണ്ടോ എന്ന് ചോദിച്ചു. ഇതിന് മറുപടിയായി, പ്രാഥമിക അന്വേഷണം എസ്ഐടി നടത്തിയെന്നും, നിലവിൽ കേസ് പോലീസ് അന്വേഷിക്കുകയാണെന്നും തുഷാർ മേത്ത വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ കുറ്റകരമായ സംഭവം നടന്നതായി എസ്ഐടി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന്, എസ്ഐടിയെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച് അന്വേഷണം തുടരാൻ കഴിയുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. വിഷയം രാഷ്ട്രീയവൽക്കരിക്കാതെ അന്വേഷണം സ്വതന്ത്രമായും നീതിപൂർവമായും മുന്നോട്ടുപോകാൻ അനുവദിക്കണമെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
അന്വേഷണം നിഷ്‌പക്ഷമായി നടത്തി യുക്തിസഹമായ കണ്ടെത്തലുകളിൽ എത്തണമെന്നാണ് കോടതിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റാറ്റസ് റിപ്പോർട്ട് വിശദമായി പരിശോധിക്കാൻ മൂന്ന് മുതൽ നാല് ദിവസം വരെ സമയം ആവശ്യമാണെന്ന് അറിയിച്ച കോടതി, കേസ് ജൂലൈ 27-ലേക്ക് മാറ്റി. അന്നേദിവസം തുടർനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ബെഞ്ച് അറിയിച്ചു.
രാമക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ജൂൺ 25-നാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. ട്രസ്‌റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവറായിരുന്ന രാമശങ്കർ മിശ്ര ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ട്രസ്‌റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്‌റ്റി അനിൽ മിശ്രയും സ്ഥാനമൊഴിയുകയും ചെയ്‌തിരുന്നു.


Click it and Unblock the Notifications