ആസാദിന്റെ പുതിയ പാർട്ടി; കണക്ക് കൂട്ടലുകൾ പിഴച്ച് നാഷ്ണൽ കോൺഫറൻസ്
ദില്ലി; മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മുകാശ്മീർ കേന്ദ്രീകരിച്ച് തന്റെ പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. പാർട്ടി പ്രഖ്യാപനത്തിന് മുൻപ് സപ്റ്റംബർ നാല് മുതൽ സംസ്ഥാന പര്യടനം നടത്തും. ഇതിന്റെ ഭാഗമായി അംഗത്വ വിതരണ ക്യാമ്പെയ്നുകൾക്കും തുടക്കം കുറിക്കും. ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടാണ് ആസാദിന്റെ നീക്കങ്ങൾ.
ആസാദിന്റെ പുതിയ പാർട്ടി പ്രഖ്യാപനം ഏറ്റവും കൂടുതൽ തിരിച്ചടിയാവുക സംസ്ഥാനത്തെ പ്രമുഖ കക്ഷിയായ നാഷ്ണൽ കോൺഫറൻസിനെയാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ ഭിന്നിക്കപ്പെട്ടേക്കുമെന്നാണ് വിലയിരുത്തൽ.
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നേരിടാൻ സംസ്ഥാനത്തെ പ്രധാന പാർട്ടികൾ ചേർന്ന് ഗുപ്കർ എന്ന പേരിൽ സഖ്യം രൂപീകരിച്ചിരുന്നു. പി ഡി പി, നാഷണൽ കോൺഫറൻസ്, സി പി എം, സി പി ഐ, അവാമി കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികൾ ചേർന്നായിരുന്നു സഖ്യം. എന്നാൽ കഴിഞ്ഞ ദിവസം ഇനി സഖ്യത്തിന്റെ ഭാഗമായി തുടരാൻ ഇല്ലെന്നും തനിച്ച് മത്സരിക്കുമെന്നുമായിരുന്നു നാഷ്ണൽ കോൺഫറൻസ് നേതൃത്വം പ്രഖ്യാപിച്ചത്. വോട്ടുകൾ വിഭജിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ബി ജെ പിയോട് തനിച്ച് ഏറ്റുമുട്ടാം എന്ന ഗ്രൗണ്ട് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.

എന്നാൽ ആസാദിന്റെ രാഷ്ട്രീയ നീക്കം നാഷ്ണൽ കോൺഫറൻസിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പാർട്ടി പ്രഖ്യാപിക്കും മുൻപ് തന്നെ ആസാദിനൊപ്പം എന്ന് പ്രഖ്യാപിച്ച് കോൺഗ്രസിൽ നിന്നടക്കം താഴ്വരയിലെ നിരവധി പ്രമുഖർ രാജിവെച്ച് കഴിഞ്ഞു. വരും ദിവസങ്ങളിൽ നാഷ്ണൽ കോൺഫറൻസിൽ നിന്നടക്കം ഇത്തരത്തിൽ നേതാക്കൾ രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആസാദിന്റെ പാർട്ടി നാഷ്ണൽ കോൺഫറൻസിന്റെ ചില സീറ്റുകളിൽ നഷ്ടം വരുത്തിയേക്കാമെന്നാണ് പാർട്ടി നേതാക്കൾ തന്നെ പറയുന്നത്. ജമ്മു മേഖലയിലെ ചിനാബ് താഴ്വരയിലും പിർ പഞ്ചൽ പ്രദേശങ്ങളിലും കുറഞ്ഞത് എട്ട് മുതൽ 10 വരെ സീറ്റുകളെങ്കിലും നഷ്ടമാകാൻ കാരണമായേക്കുമെന്നും നേതാക്കൾ പറയുന്നു. ബി ജെ പി വിരുദ്ധ വോട്ടുകൾ കൂടുതൽ വിഭജിക്കാനും ആസാദിന്റെ നീക്കം കാരണമാകുമെന്നും നേതാവ് പറഞ്ഞു.

ജമ്മു മേഖലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ആസാദിന് ശക്തമായ വോട്ട് അടിത്തറയുണ്ട്, അവിടെ ഏറ്റവും കൂടുതൽ പരാജയം നേരിട്ടേക്കുക നാഷ്ണൽ കോൺഫറൻസ് ആയിരിക്കും. കാശ്മീരിലെ നാഷ്ണൽ കോൺഫറൻസിലെ ചില മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് ആസാദിനൊപ്പം ചേരുന്ന സാഹചര്യം ഉണ്ടായാൽ പാർട്ടിയെ കൂടുതൽ തളർത്താൻ അത് കാരണമാകുമെന്നും പേര് വെളിപ്പെടുത്താത്ത നാഷ്ണൽ കോൺഫറൻസ് നേതാവ് പറഞ്ഞു.
അതേസമയം മറുവശത്ത് ബി ജെ പിയുടെ വോട്ട് ബാങ്കിൽ കാര്യമായ ഇടിവും സംഭവിച്ചേക്കില്ലെന്നും നേതാവ് പറഞ്ഞു.

ഈ വർഷം അവസാനമായിരിക്കും ജമ്മുകാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നേക്കുക. മണ്ഡല പുനഃനിർണയത്തോടെ ആത്മവിശ്വാസം കൂടിയ നിലയിലാണ് ബി ജെ പി. 83 നിയമസഭ സീറ്റുകളിൽ നിന്ന് 90 ആയി സീറ്റുകൾ ഉയർത്തിക്കൊണ്ടാണ് മണ്ഡല പുനഃനിർണയ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയത്. പുതിയ ശുപാർശ പ്രകാരം ജമ്മുവിന് 43 ഉം കശ്‌മീരിന് 47 സീറ്റുമാകും.












Click it and Unblock the Notifications