ബാബ സിദ്ദിഖി വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം, സൽമാൻ ഖാന് മുന്നറിയിപ്പും
മുംബൈ: മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം. കൊലപാതകം നടന്നതിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. സിദ്ദിഖിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് അവർ മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്.
സൽമാൻ ഖാനും ദാവൂദ് ഇബ്രാഹിം സംഘവുമായുള്ള അടുപ്പമാണ് സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണമെന്നാണ് വൈറലായ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നത്. മുൻപ് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പ് കേസിലെ പ്രതിയായിരുന്ന അനുജ് താപ്പൻ പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ ആത്മഹത്യ ചെയ്‌തിരുന്നു. ഇതുൾപ്പെടെ പോസ്‌റ്റിൽ ബിഷ്‌ണോയി സംഘാംഗം എടുത്ത് പറഞ്ഞിട്ടുണ്ട്.

'സൽമാൻ ഖാൻ, ഞങ്ങൾക്ക് ഈ യുദ്ധം വേണ്ടായിരുന്നു, പക്ഷേ നിങ്ങൾ ഞങ്ങളുടെ സഹോദരൻ്റെ ജീവനെടുത്തു. ബോളിവുഡ്, രാഷ്ട്രീയം, സ്വത്ത് ഇടപാടുകൾ എന്നിവയിൽ ദാവൂദും അനുജ് ഥാപനുമായുള്ള അയാളുടെ ബന്ധമാണ് മരണകാരണം' എന്നായിരുന്നു പോസ്‌റ്റിൽ പറഞ്ഞിരുന്നത്. ഷിബു ലോങ്കർ എന്നയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് ഇതിന് പിന്നാലെ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.
'ഞങ്ങൾക്ക് ആരുമായും വ്യക്തിപരമായ ശത്രുതയില്ല. എന്തായാലും സൽമാൻ ഖാനെയോ ദാവൂദ് സംഘത്തെയോ സഹായിക്കുന്നവർ തയ്യാറായിരിക്കണം. ഞങ്ങളുടെ സഹോദരങ്ങളിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ ഞങ്ങൾ പ്രതികരിക്കും. ആദ്യത്തെ അടി ഒരിക്കലും ഞങ്ങൾ അടിക്കില്ല. ജയ് ശ്രീറാം, ജയ് ഭാരത്, രക്തസാക്ഷികൾക്ക് പ്രണാമം' എന്നായിരുന്നു പോസ്‌റ്റിൽ പറഞ്ഞിരുന്നത്.
അതേസമയം, ദസറ ആഘോഷത്തിന്റെ ഭാഗമായി ബാന്ദ്രയിലെ തന്റെ ഓഫീസിൽ നിന്ന് അൽപ്പം അകലെയായി പടക്കം പൊട്ടിക്കുന്നതിനിടെയാണ് ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം അപ്രതീക്ഷിതമായി സിദ്ദിഖിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കൊലപാതകം വാടക കൊലയാളികൾ മുഖേനയാണ് നടത്തിയതെന്നാണ് മുംബൈ പോലീസ് പറയുന്നത്. സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങിന്റെ പങ്ക് അന്വേഷിക്കുന്നതിന് ഇടയിലാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അവർ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ബന്ധപ്പെട്ട പോസ്‌റ്റിന്റെ ആധികാരികത പരിശോധിക്കുകയാണ് പോലീസ്.
സിദ്ദിഖിയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പങ്ക് ഏറെക്കുറെ ഉറപ്പായതോടെ സൽമാൻ ഖാന്റെ സുരക്ഷാ വർധിപ്പിച്ചിരിക്കുകയാണ്. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ അപ്പാർട്മെന്റിൽ ഉൾപ്പടെ സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വീട്ടിൽ സന്ദർശകരെ അനുവദിക്കുന്നില്ല. കൂടാതെ താരം പൊതുപരിപാടികൾ ഒക്കെ റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications