ആശുപത്രിവിട്ട സുഷമാ സ്വരാജ് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യും
ദില്ലി: കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വീട്ടില്‍വെച്ച് ജോലി ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. കേന്ദ്ര സര്‍ക്കാരിലെ മികച്ച മന്ത്രിയായി വിലയിരുത്തപ്പെടുന്ന സുഷമാ സ്വരാജിന് ഡോക്ടര്‍മാര്‍ കടുത്ത വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും ജോലിക്കാര്യത്തില്‍ വിട്ടൂവീഴ്ച ചെയ്യാന്‍ അവര്‍ ഒരുക്കമല്ല.
എയിംസില്‍ ചികിത്സയിലായിരുന്ന അവര്‍ തിങ്കളാഴ്ചയാണ് ആശുപത്രിവിട്ടത്. വീട്ടില്‍വെച്ച് സുഷമാ സ്വരാജ് ഫയല്‍ നോക്കിത്തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശകരെ അനുവദിച്ചിട്ടില്ലെങ്കിലും വീട്ടില്‍ വെച്ച് അത്യാവശ്യമുള്ള ഫയലുകള്‍ നോക്കുന്നുണ്ടെന്ന് മന്ത്രി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. അണുബാധയേല്‍ക്കാതിരിക്കാനാണ് സന്ദര്‍ശകരെ വിലക്കിയിട്ടുള്ളത്.

ഡിസംബര്‍ 13നായിരുന്നു സുഷമാ സ്വരാജിന്റെ ശസ്ത്രക്രിയ. മൂന്നു ദിവസം ഐസിയുവില്‍ കഴിഞ്ഞ അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും തന്റെ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുഷമാ സ്വരാജ് ഇടപെട്ടത് ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന മന്ത്രി ഇതിനകം തന്നെ വിദേശത്തുള്ള ഒട്ടേറെ പേരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications