അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജയിൽ മോചനം വൈകും, ജാമ്യ ഉത്തരവ് സ്‌റ്റേ ചെയ്‌ത് കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ പുറത്തിറങ്ങാനുള്ള മോഹങ്ങൾക്ക് തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹർജി പരിഗണിക്കുന്നത് വരെ ഡൽഹി ഹൈക്കോടതി കെജ്രിവാളിന്റെ വിടുതൽ ഉത്തരവ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. എഎപിക്കും കെജ്രിവാളിനും ആശങ്ക സൃഷ്‌ടിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കെജ്രിവാളിന്റെ ജാമ്യത്തെ എതിർത്തു കൊണ്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിൽ കെജ്രിവാളിനെ വിട്ടയക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തെ തടസപ്പെടുത്താനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് ഉൾപ്പെടെ കർശനമായ നിർദ്ദേശങ്ങളും കോടതി നൽകിയിരുന്നു.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് ഇഡി കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മെയ് പത്തിന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂൺ രണ്ടിന് തിരികെ ജയിലിൽ കീഴടങ്ങുകയായിരുന്നു.
ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇന്നലെ അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ 48 മണിക്കൂറോളം ഒപ്പിടരുതെന്നും, ഹൈക്കോടതിയില്‍ വിധി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളുകയായിരുന്നു. വിധിയില്‍ സ്‌റ്റേ നല്‍കില്ലെന്നും, ഇന്ന് തന്നെ ജാമ്യത്തുക കോടതിയില്‍ ഹാജരാക്കാമെന്നും ആയിരുന്നു കോടതിയുടെ നിലപാട്.
കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും മറ്റ് ആം ആദ്‌മി പാർട്ടി നേതാക്കളും ഇന്ന് വൈകുന്നേരം 4 മണിക്ക് തിഹാർ ജയിൽ എത്തി ഡൽഹി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ പദ്ധതിയിട്ടിരുന്നു. അതിനിടയിലാണ് നിർണായക ഉത്തരവ് വരുന്നത്. വിഷയത്തിൽ അധികം വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരനാണ് അരവിന്ദ് കെജ്രിവാൾ എന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. കേസിലെ പ്രധാന പ്രതിയായ വിനോദ് ചൗഹാനുമായി കെജ്രിവാൾ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ആരോപിച്ചിരുന്നു. കേസിലെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്ന വേളയിലാണ് ഇഡി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications